candidates

പാലക്കാട്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിജയപ്രതീക്ഷയിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും. പാലക്കാട് ശുഭകരമായ റിസൾട്ടുണ്ടാവുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപി വലിയ വിജയ പ്രതീക്ഷയിലാണെങ്കിലും അന്തിമ വിജയം മതേതരത്വത്തിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ന​ഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ​ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. ന​ഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവും. ഒഫീഷ്യലി ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ എത്തും. ജനങ്ങൾ നമ്മോട് കാണിക്കുന്ന സഹകരണവും ചിരിയുമെല്ലാം മോശമാവില്ല. നല്ല നമ്പറുണ്ടാവും' - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ജയം ഉറപ്പെന്ന് ആവർത്തിക്കുകയാണ് ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നത്. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രൻഡ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.

കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട വിജയം ഇത്തവണ നേടിയെടുക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. പല്ലശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഇത്തവണ വിജയിക്കുമെന്ന ഉറപ്പിലാണ്. ഭൂരിപക്ഷം 5000ത്തിലധികം ഉണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞു.