palakkad

പാലക്കാട്: വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊപ്പം വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ കിതച്ച് ബിജെപി. നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി സമ്മാനിച്ച് രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നിലെത്തിയത്. നഗര മേഖലയില്‍ ബിജെപി ഭരണം കയ്യാളുന്ന മുനിസിപ്പാലിറ്റിയില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ 1200ല്‍ അധികം വോട്ടുകളുടെ ലീഡ് നേടിയത് യുഡിഎഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

2021ല്‍ ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ മെട്രോ മാന്‍ ഇ. ശ്രീധരന്‍ 4000ല്‍ അധികം വോട്ടുകള്‍ക്ക് മുന്നിലായിരുന്നുവെങ്കില്‍ അവിടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നിലായത് ബിജെപിയെ ഞെട്ടിക്കുകയാണ്. ആദ്യ രണ്ട് റൗണ്ടുകളില്‍ കൃഷ്ണകുമാര്‍ ലീഡിലേക്ക് വന്നുവെങ്കിലും അവിടെ പാര്‍ട്ടി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വെറും ആയിരത്തോളം വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് എന്‍ഡിഎക്ക് ലഭിച്ചത്.

പാലക്കാട് നിയമസഭാ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം നഗരസഭയിലാണ് ബിജെപി പ്രതീക്ഷകള്‍ മുഴുവന്‍. നഗര മേഖല വിട്ട് മൂന്ന് പഞ്ചായത്തുകളിലേക്ക് വന്നാല്‍ അവിടെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. നഗരസഭയിലെ മൊത്തം വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ 7000 വോട്ടുകളുടെയെങ്കിലും മേല്‍ക്കൈയുണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. ആ ഒരു കണക്കിലേക്ക് കാര്യങ്ങള്‍ എത്തില്ലെന്ന് ഏകദേശം ഇപ്പോഴത്തെ ട്രെന്‍ഡില്‍ വ്യക്തമാണ്.

പാലക്കാട് നഗരസഭയില്‍ പിന്നിലായാല്‍ പോലും ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ നേടുന്ന വോട്ടുകളുടെ പിന്‍ബലത്തില്‍ നഗരമേഖലയിലെ കൃഷ്ണകുമാര്‍ നേടുന്ന ലീഡ് മറികടക്കാം എന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍ പിരായിരി എണ്ണിത്തുടങ്ങുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് ക്യാമ്പ് വിജയമുറപ്പിക്കുകയാണ്. ഭൂരിപക്ഷം അഞ്ചക്കത്തിലേക്ക് എത്തിക്കാന്‍ കഴിയും എന്ന വിശ്വാസമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വെച്ച്പുലര്‍ത്തുന്നത്.