ind-vs-aus

പെര്‍ത്ത്: ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യ നേടിയ 150 റണ്‍സിനുള്ള ഓസീസ് മറുപടി വെറും 104 റണ്‍സില്‍ ഒതുങ്ങി. 46 റണ്‍സിന്റെ നിര്‍ണായകമായ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് കംഗാരുക്കളെ എറിഞ്ഞിട്ടത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒന്നാം ദിവസത്തെ സ്‌കോറായ ഏഴിന് 67 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അലക്‌സ് ക്യാരി (21), നേഥന്‍ ലയണ്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ സ്‌കോര്‍ 79ന് 9 എന്ന നിലയിലേക്ക് വീണു. അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 112 പന്തുകളില്‍ നിന്ന് നേടിയ 26 റണ്‍സും ജോഷ് ഹേസല്‍വുഡ് പുറത്താകാതെ നേടിയ ഏഴ് റണ്‍സുമാണ് ആതിഥേയരുടെ സ്‌കോര്‍ നൂറ് കടത്തിയത്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ഒന്നാം ദിനം, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ പെര്‍ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ജയ്സ്വാളും ദേവ്ദത്ത് പടിക്കലും റണ്ണൊന്നും നേടും മുന്‍പ് പുറത്തായി. കൊഹ്ലി(5)യും നിരാശപ്പെടുത്തി. ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച രാഹുല്‍ (26) സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്സ് ക്യാരി പിടിച്ച് പുറത്തായി. ഋഷഭ് പന്തും(37) പുതുമുഖതാരം നിതീഷ് കുമാര്‍ റെഡ്ഡിയും(41) മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. അന്‍പതാം ഓവറില്‍ കമ്മിന്‍സിന്റെ പന്തില്‍ റെഡ്ഡി വീണതോടെ ഇന്ത്യ 150ന് ഓള്‍ഔട്ട് ആകുകയായിരുന്നു.