maharashtra

മുംബയ്: മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ മഹായുതി 219 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. നിലവിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി 55 സീറ്റുകളിൽ മുന്നിലാണ്. മറ്റ് പാർട്ടികൾ 13 സീറ്റുകളിൽ നേരത്തെ ലീഡ് ചെയ്‌തിരുന്നു. എൻ ഡി എ ആഘോഷം തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത മത്സരമാണ് നടന്നത്. ഭരണപക്ഷമായ മഹായുതിയും പ്രതിപക്ഷമായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. ശിവസേനയ്ക്കും എൻ സി പിക്കും ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണം കൂടിയാണ്. മഹാ വികാസ് അഘാഡി വിജയിച്ചാൽ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സഖ്യത്തിനുള്ളിൽ തർക്കമുണ്ടായേക്കും. ബി ജെ പിയാണ് മുന്നിലെത്തിയാൽ കണക്കുകൂട്ടലുളെല്ലാം തെറ്റും. മുഖ്യമന്ത്രിയായി വീണ്ടും ദേവേന്ദ്ര ഫട്‌നാവിസ് എത്തിയേക്കും.

വോർലി അടക്കമുള്ള മണ്ഡലങ്ങളിലാണ് എല്ലാ കണ്ണുകളും. മിലിന്ദ് ദിയോറ (ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന), ആദിത്യ താക്കറെ (ശിവസേന യുബിടി), സന്ദീപ് ദേശ്പാണ്ഡെ (എംഎൻഎസ്) എന്നിവരാണ് ജനവിധി തേടുന്നത്. അജിത് പവാറും അദ്ദേഹത്തിന്റെ ചെറുമകൻ യുഗേന്ദ്ര പവാറും തമ്മിലുള്ള പോരാട്ടത്തിനാണ് ബാരാമതി സാക്ഷ്യം വഹിച്ചത്. നാഗ്പൂർ സൗത്ത് വെസ്റ്റിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കോൺഗ്രസിന്റെ പ്രഫുൽ ഗുദാധേ എന്നിവരാണ് ജനവിധി തേടിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രിപച്ച്പഖാഡിയിലാണ് ജനവിധി തേടിയത്.

മഹാരാഷ്‌ട്രയിൽ ഏക്സിറ്റ് പോളിൽ നാലെണ്ണവും മഹായുതി സഖ്യത്തിന് അധികാര തുടർച്ചയാണ് പ്രവചിച്ചത്. മൂന്ന് ഏജൻസികൾ തൂക്ക് സഭയ്ക്കും സാദ്ധ്യത പറയുന്നു. ബി ജെ പി നൂറിലേറെ സീറ്റ് നേടി വലിയകക്ഷിയാകുമെന്നും സൂചനയുണ്ട്.