
ചേലക്കര: വിവാദങ്ങളും ആരോപണങ്ങളുമായി ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത് പാലക്കാട് മണ്ഡലത്തിലാണെങ്കിലും എല്‍ഡിഎഫിനെ സംബന്ധിച്ച് വളരെ നിര്‍ണായകം ചേലക്കര മണ്ഡലം തന്നെയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് മണ്ഡലത്തില്‍ തോല്‍വി ഒരു രാഷ്ട്രീയചലനവും സൃഷ്ടിക്കില്ല. എന്നാല്‍ ചേലക്കര മണ്ഡലത്തിലേക്ക് വരുമ്പോള്‍ സ്ഥിതി അതായിരുന്നില്ല. 1996 മുതല്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥികളെ മാത്രം നിയമസഭയിലേക്ക് അയച്ചിട്ടുള്ള ചേലക്കരയില്‍ തോറ്റാല്‍ അത് സര്‍ക്കാരിന് എതിരായുള്ള വിധിയെഴുത്തായി വിലയിരുത്തപ്പെടുമായിരുന്നു.
രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളാണ് കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ചയാക്കിയത്. എന്നാല്‍ അതൊന്നും തന്നെ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെങ്കിലും വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ല. ചേലക്കരയുടെ സ്വന്തം രാധേട്ടനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തിന്റെ താത്പര്യം പരിഗണിക്കാതെ മാറ്റിയെന്നായിരുന്നു ആദ്യത്തെ ആരോപണം.
യുആര്‍ പ്രദീപിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം നടത്തിയ റോഡ് ഷോയിലെ കെ രാധാകൃഷ്ണന്റെ അസാന്നിദ്ധ്യം യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തായിരുന്ന രാധാകൃഷ്ണന്‍ എങ്ങനെ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന ചോദ്യം തിരിച്ച് ചോദിച്ച് ആ ആരോപണത്തിന്റെ മുന സിപിഎം ഒടിച്ചു. എന്നെ സ്‌നേഹിക്കുന്ന ചേലക്കരക്കാര്‍ പ്രദീപിന് വോട്ട് ചെയ്യണം എന്ന രാധാകൃഷ്ണന്റെ ആഹ്വാനവും ചേലക്കരക്കാര്‍ നെഞ്ചിലേറ്റിയെന്നാണ് കരുതേണ്ടത്.
രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം എസ്.സി വിഭാഗത്തില്‍ നിന്നുള്ള മറ്റൊരാളെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തിയില്ലെന്ന പ്രചാരണത്തേയും ചേലക്കരക്കാര്‍ തള്ളുകയായിരുന്നു. മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിന്നിട്ടുള്ള ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 2016ല്‍ പ്രദീപിന് തന്നെ ലഭിച്ച ഭൂരിപക്ഷത്തേയും മറികടന്നാണ് മുന്നേറ്റം. അതോടൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയുടെ കാര്യം. കോണ്‍ഗ്രസ് വിട്ട് അന്‍വറിനൊപ്പം പോയ സുധീറിന് ഒരു ചലനവും മണ്ഡലത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് ചേലക്കരയില്‍ ലഭിച്ച ഭൂരിപക്ഷം 5000 വോട്ടുകളായി കുറയ്ക്കാന്‍ കഴിഞ്ഞതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറെടുത്തതിന് പിന്നില്‍. 2021ല്‍ 39,400 വോട്ടുകളുടെ ഭൂരിപക്ഷം രാധാകൃഷ്ണനുണ്ടായിരുന്നത് ലോക്‌സഭയില്‍ കുറഞ്ഞതാണ് മറ്റൊരു ഇടത് സ്ഥാനാര്‍ത്ഥിയെങ്കില്‍ ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കരുതിയതിന് പിന്നില്‍. സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷമുണ്ടാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടിയെങ്കിലും അതും യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചത് പോലെ ഏറ്റില്ല.