
ചേലക്കര: മണ്ഡലം ഇന്നുവരെ കാണാത്ത പ്രചാരണത്തിനാണ് ഇത്തവണ ചേലക്കര സാക്ഷ്യം വഹിച്ചത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കേരളം ചേലക്കരയിലെ വിധി ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. രമ്യ ഹരിദാസിലൂടെ മണ്ഡലം പിടിക്കാമെന്ന് പ്രതീക്ഷിച്ച യുഡിഎഫിന് നിരാശയാക്കി യുആർ പ്രദീപ് മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ ഒരു റൗണ്ടിൽ പോലും രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചില്ല എന്നത് കോൺഗ്രസ് നേതൃത്വത്തിന് തന്നെ വലിയ തിരിച്ചടിയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്.
എൽഡിഎഫിനെ സംബന്ധിച്ച് ചേരക്കര സീറ്റ് നിലനിർത്തുക എന്നത് അഭിമാന പ്രശ്നമായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കൾ അവസാനഘട്ട പ്രചാരണത്തിൽ മണ്ഡലത്തിൽ സജീവമായിരുന്നു. 12 സ്ഥലങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുമെന്ന് എൽഡിഎഫ് ആദ്യം അറിയിച്ചെങ്കിലും പിന്നീട് അത് കുറയ്ക്കുകയായിരുന്നു. എന്നിരുന്നാലും മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കെ രാജൻ, ഡോ. ബിന്ദു, പിഎ മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും ചേലക്കരയിൽ എത്തി പ്രചാരണത്തിന് ആവേശം പകർന്നു.
തമ്പടിച്ച് കോൺഗ്രസ് നേതാക്കൾ
രമ്യ ഹരിദാസിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ സാധിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുന്ന ആശ്വാസം ചില്ലറയല്ല. അതുകൊണ്ട് തന്നെ ചിട്ടയായ പ്രചാരണം യുഡിഎഫ് മണ്ഡലത്തിൽ നടത്തി. എന്നാൽ ആ തന്ത്രങ്ങളൊന്നും ഫലം പുറത്തുവന്നപ്പോൾ പ്രകടമായില്ല. അവാനഘട്ട പ്രചാരണത്തിന് കടിഞ്ഞാൺ പിടിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും മണ്ഡലത്തിൽ സജീവമായിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യം യുഡിഎഫ് ക്യാമ്പിൽ ഊർജം പകർന്നു. നേതാക്കളുടെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും പ്രചാരണത്തിൽ ആവേശം പകർന്നെങ്കിലും അതൊന്നും വോട്ടായി മാറ്റാൻ യുഡിഎഫിന് സാധിച്ചില്ല. സംസ്ഥാനത്തുള്ള ഭരണവിരുദ്ധ വികാരത്തെ ചേലക്കരയിൽ ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വോട്ടർമാർ ഏറ്റെടുത്തില്ല.
എല്ലാ റൗണ്ടിലും യുആർ പ്രദീപ്
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ എല്ലാ റൗണ്ടിലും യുആർ പ്രദീപ് തന്നെയായിരുന്നു മുന്നേറിയത്. ആദ്യ റൗണ്ടിൽ 1890 വോട്ടുകളുടെ ലീഡാണ് നേടിയെടുത്തത്. പിന്നീട് അങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും പ്രദീപ് വരവറിയിച്ചു. വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ എന്നീ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണിയത്. ഈ മേഖലകളിൽ ലീഡ് കുറച്ചാൽ നേട്ടമുണ്ടാക്കുമെന്ന് കരുതിയ യുഡിഎഫിന് തെറ്റി. എല്ലാ മേഖലകളിലും ഇടതു തേരോട്ടമായിരുന്നു. മൂന്നാം റൗണ്ടിൽ ലീഡ് 5834, നാലാം റൗണ്ടിൽ 7598, അഞ്ചാം റൗണ്ട് 8577 വോട്ട് എന്നിങ്ങനെ പോകുന്നു ലീഡ്. ഇനി അങ്ങോട്ട് ലീഡ് പിടിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്.
സ്ഥാനാർത്ഥികൾക്കായി യുവജനപ്രസ്ഥാനങ്ങളും
യുവാക്കളുടെ വോട്ട് പെട്ടിയിലാക്കാൻ രണ്ട് മുന്നണികളുടെ യുവജന, വിദ്യാർത്ഥി സംഘടനകളും മണ്ഡലത്തിൽ തമ്പടിച്ചിരുന്നു. രമ്യ ഹരിദാസിന് വേണ്ടി കെഎസ്‌യുവിന്റെ നേതൃത്വത്തിൽ കിള്ളിമംഗലത്ത് നിന്ന് ചേലക്കരയിലേക്ക് സംഘടിപ്പിച്ച സ്റ്റുഡന്റ് ഒഫ് ചേലക്കര വാക്ക് വിത്ത് രമ്യ പരിപാടി ഹിറ്റായിരുന്നു. യുആർ പ്രദീപിന് വേണ്ട് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സജീവമായപ്പോൾ മണ്ഡലത്തിലെ പ്രചാരണം ശരിക്കും ആവേശം കൊള്ളിച്ചു.