election

ചണ്ഡീഗഡ്: പഞ്ചാബിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുളള വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മൂന്ന് മണ്ഡലങ്ങളിൽ ലീ‌ഡ് ചെയ്ത് ആംആദ്മി പാർട്ടി. അവശേഷിക്കുന്ന ഒരു മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന്റെ ലീഡ് തുടരുന്നത്. ചബ്ബേവാൾ, ഗിദ്ദെർബഹ, ദേരാ ബാബ നാനാക് സീ​റ്റുകളിലാണ് ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. ബർണാലയിൽ കോൺഗ്രസ് മുന്നിലാണ്.

ദേരാ ബാബ നാനാക്ക് മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർത്ഥി ഹർദീപ് സിംഗ് ഡിംപി ധില്ലൻ കോൺഗ്രസ് സ്ഥാനാർത്ഥിയായ അമൃത വാറിംഗിനേക്കാൾ 1,044 വോട്ടുകളുടെ ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ മൂന്നാം സ്ഥാനത്താണ്. ചബ്ബേവാളിൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ഇഷാങ്ക് കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായ രഞ്ജിത്ത് കുമാറിനേക്കാൾ 3,308 വോട്ടുകൾക്ക് മുന്നിലാണ്. ദേരാ ബാബാ നാനാക്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ ഗുരുദീപ് സിംഗ് രൺധാവ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജതീന്ദർ കൗറിനേക്കാൾ 265 വോട്ടുകൾക്ക് മാത്രം മുന്നിലാണ്.

പഞ്ചാബിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുളള വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണി മുതലാണ് ആരംഭിച്ചത്. നാല് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നവംബർ 20നാണ് നടന്നത്.