palakkad

പാലക്കാട്: വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഒരു മാസം നീണ്ടുനിന്ന പ്രചാരണ കാലം. സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ പാലക്കാട് വിട്ട് വടകരയിലേക്ക് പോയത് മുതല്‍ തുടങ്ങിയതാണ് അത്. സ്ഥാനാര്‍ത്ഥി നിര്‍ണയവും കത്ത് വിവാദവും കെപിഎമ്മിലെ നീല ട്രോളി ബാഗും ഒടുവില്‍ സുപ്രഭാതം പത്രത്തിലുള്‍പ്പെടെ വന്ന സിപിഎമ്മിന്റെ പരസ്യവും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തു. ഏറ്റവുമൊടുവില്‍ ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ തരംഗം മണ്ഡലത്തിലാകെ സൃഷ്ടിക്കുകയായിരുന്നു. ഇത് വഴിവെച്ചതാകട്ടെ മണ്ഡലത്തിലെ എക്കാലത്തേയും റെക്കോഡ് ഭൂരിപക്ഷമായ 18, 198 എന്ന സംഖ്യയിലേക്കും.

പാലക്കാട് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും വ്യക്തമായ മുന്നേറ്റമാണ് രാഹുല്‍ നടത്തിയത്. ബിജെപിയുടെ കാവിക്കോട്ടയായ പാലക്കാട് നഗരസഭയില്‍ കടന്നുകയറി കോട്ടകള്‍ തകര്‍ത്തായിരുന്നു രാഹുല്‍ മുന്നേറിയത്. ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ലീഡ് സമ്മാനിച്ച പാലക്കാട് നഗരസഭ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. കോണ്‍ഗ്രസ് കോട്ടയായ പിരായിരിയിലെത്തിയപ്പോള്‍ ലീഡ് പതിനായിരം കടന്നു.

എല്‍ഡിഎഫും യുഡിഎഫും നേരിട്ട് മത്സരിക്കുന്ന മാത്തൂരിലും കണ്ണാടിയിലും രാഹുല്‍ മുന്നേറി. ട്രോളി ബാഗ് വിവാദത്തില്‍ സിപിഎമ്മും ബിജെപിയും പ്രതിഷേധ രംഗത്ത് കൈകോര്‍ത്തത് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് പുറത്ത് വന്നപ്പോള്‍ മുതല്‍ ഭിന്നിച്ച് നിന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നിപ്പിക്കുകയാണ് ആ വിവാദം ഉണ്ടാക്കിയ ഫലം.

താന്‍ മണ്ഡലത്തില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ വ്യക്തിപരമായ അധിക്ഷേപം നേരിടുന്നുവെന്ന രാഹുലിന്റെ പ്രസ്താവനയും വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തന്നെ ആക്രമിക്കാന്‍ ബിജെപിയും സിപിഎമ്മും ഒരുമിച്ചുവെന്ന രാഹുലിന്റെ തുറന്ന്പറച്ചിലും വോട്ടിംഗില്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണ്. സിപിഎം നല്‍കിയ പത്രപരസ്യമാണ് കോണ്‍ഗ്രസിന് അനുകൂലമായ മറ്റൊരു ഘടകം. പാര്‍ട്ടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ അത്തരമൊരു പ്രചാരണം നടത്തിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ റെക്കോഡ് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.