dcc-palakkad

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തങ്ങള്‍ക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഒരു മത്സരം സൃഷ്ടിക്കാന്‍ പോലും രണ്ട് പാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. ത്രികോണ മത്സരം എന്നത് മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച കാര്യമാണ്. രാഹുലിന്റെ ഭൂരിപക്ഷം നേരത്തെ തന്നെ അദ്ദേഹം പ്രവചിച്ചിരുന്നു.

പാലക്കാട് മണ്ഡലത്തിലെ ഈ വിജയം മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ആരംഭിച്ച മുന്നൊരുക്കത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ കുത്തക വാര്‍ഡുകളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതും ഈ മുന്നൊരുക്കമാണ്. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് റെക്കോഡ് ഭൂരിപക്ഷം നേടിയത് ഇടത് മുന്നണിക്കുള്ള താക്കീതാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകളായ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞുവെന്നും എ തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു. സരിന്‍ പോയത് കൊണ്ട് കോണ്‍ഗ്രസ് വോട്ട് പോകുകയല്ല മറിച്ച് സിപിഎം വോട്ട് കോണ്‍ഗ്രസിന് കിട്ടുകയാണ് ചെയ്യുകയെന്ന് താന്‍ മുമ്പ് പറഞ്ഞിരുന്നുവെന്നും അത് കൃത്യമായ വിശകലനങ്ങള്‍ക്കൊടുവില്‍ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നഗരസഭയിലെ ഈ മുന്നേറ്റം പാര്‍ട്ടി പ്രതീക്ഷിച്ചത് തന്നെയാണെന്നും അതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ബൂത്ത് തലം മുതല്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിന് എതിരില്ലാതെ മുന്നേറ്റം വരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ മാദ്ധ്യമങ്ങള്‍ പറഞ്ഞുപരത്തിയതാണ് ഭിന്നിപ്പ് ഉണ്ടെന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരാണ്. കര്‍ഷകരായാലും സാധാരണ തൊഴിലാളികളായാലും പെന്‍ഷന്‍ വാങ്ങുന്ന വയോജനങ്ങളായാലും എല്ലാവരും സിപിഎമ്മിന് എതിരാണെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.