ldf

തിരുവനന്തപുരം: ആറ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ് സിപിഎമ്മിന് നല്‍കിയത്. തുടര്‍ന്ന് മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അത് സിപിഎമ്മിന് ആഹ്ലാദിക്കാന്‍ വകനല്‍കുന്നതല്ലെങ്കിലും ആശ്വാസം സമ്മാനിക്കുന്നതാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും പാലക്കാട് മണ്ഡലത്തില്‍ ഇടത് സ്വതന്ത്രന്‍ ഡോക്ടര്‍ പി സരിന്‍ വോട്ട് വര്‍ദ്ധിപ്പിച്ചത് പാലക്കാട് മൂന്നാം സ്ഥാനമാണെങ്കിലും മുഖം രക്ഷിക്കാന്‍ സഹായകമാണ്. അതോടൊപ്പം തന്നെ രാഷ്ട്രീയ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ചേലക്കര നിലനിര്‍ത്താനും പാര്‍ട്ടിക്കായി. വയനാട്ടില്‍ സത്യന്‍ മൊകേരിക്ക് ഗണ്യമായി വോട്ട് കുറഞ്ഞിട്ടുണ്ട്.

പാലക്കാട്

സിപിഎമ്മിനെ സംബന്ധിച്ച് പാലക്കാട്ടെ വോട്ട് വിഹിതം ആശ്വാസം പകരുന്നതാണ്. 2021ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിപി പ്രമോദ് 36,433 വോട്ടുകള്‍ നേടിയ സ്ഥലത്ത് പോളിംഗ് ശതമാനം കുറഞ്ഞപ്പോഴും 815 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് 37293 വോട്ടുകള്‍ സമാഹരിക്കാന്‍ സരിന് കഴിഞ്ഞു. തൊട്ട് മുമ്പ് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നേടിയതിനെക്കാള്‍ വോട്ട് നേടാനും സരിന് കഴിഞ്ഞിട്ടുണ്ട്. 2021ല്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെക്കാള്‍ 13,787 വോട്ടുകള്‍ക്ക് പിന്നിലായിരുന്നെങ്കില്‍ ഇത്തവണ അത് വെറും 2256 വോട്ടുകളുടെ വ്യത്യാസമായി കുറയ്ക്കാന്‍ കഴിഞ്ഞത് സിപിഎമ്മിനെ സംബന്ധിച്ച് നേട്ടമാണ്.

ചേലക്കര

1996 മുതല്‍ ഇടത് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ചേലക്കരയ്ക്കുള്ളത്. അവിടെ ഏത് തിരഞ്ഞെടുപ്പ് വന്നാലും കെ രാധാകൃഷ്ണന് ലഭിക്കുന്ന വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാറില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 83,415 വോട്ടുകള്‍ ലഭിച്ച ചേലക്കരയുടെ രാധേട്ടന് 39,400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സിപിഎമ്മിന് കിട്ടിയതാകട്ടെ 64,259 വോട്ടുകള്‍. 12201 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ ചേലക്കരയില്‍ നിന്ന് ലഭിച്ചതാകട്ടെ വെറും 5,000 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ്. 2016ല്‍ തനിക്ക് ലഭിച്ച 10,200 വോട്ടിന്റെ ഭൂരിപക്ഷം മെച്ചപ്പെടുത്തിയെങ്കിലും മൊത്തം വോട്ടുകളില്‍ പ്രദീപിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. 2016ലേതിനേക്കാള്‍ 3512 വോട്ടുകളാണ് കുറഞ്ഞത്. 2021നെക്കാള്‍ 19,156 വോട്ടുകള്‍ പാര്‍ട്ടിക്ക് കുറഞ്ഞിട്ടുണ്ട്.

വയനാട്

പ്രിയങ്ക ഗാന്ധിക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ച വയനാട്ടില്‍ ഇടത് വോട്ടുകളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് ശതമാനത്തോളം പോളിംഗില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ആനി രാജ നേടിയ 2,83,023 എന്ന കണക്കിലേക്ക് എത്താന്‍ സത്യന്‍ മൊകേരിക്ക് കഴിഞ്ഞില്ല. വെറും 2,09,906 വോട്ടുകള്‍ മാത്രമാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്. പ്രിയങ്കയുടെ ഭൂരിപക്ഷത്തെക്കാള്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ കുറവാണ് സത്യന്‍ മൊകേരിക്ക്. 2024ല്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടന്ന് 4,08,036 വോട്ടുകള്‍ക്കാണ് കന്നിയങ്കത്തില്‍ പ്രിയങ്ക വയനാട്ടില്‍ നിന്ന് ജയിച്ച് കയറിയത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണിത്. 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4,31,770 ആണ് ഏറ്റവും വലിയ ഭൂരിപക്ഷം.