vd-satheesan

കൊച്ചി: വയനാട്ടിലും പാലക്കാടും നല്ല വിജയവും ചേലക്കരയിൽ നല്ല പ്രകടനവും നടത്താൻ കഴിഞ്ഞത് യു.ഡി.എഫിലെയും കോൺഗ്രസിലെയും കൂട്ടായ ടീം വർക്കിന്റെ ഫലമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിജയം ആ ടീം വർക്കിന് സമർപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അന്നു രാത്രി തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻകൈ എടുത്ത കെ.സി വേണഗോപാലിന് പ്രത്യേകമായി നന്ദി പറയുന്നു. യു.ഡി.എഫ് നേതൃത്വത്തിന് പിന്തുണ നൽകിയ എ.ഐ.സി.സിയോട് നന്ദി പറയുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ കെ.പി.സി.സി ഭാരവാഹികൾ ഒരു ടീം ആയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോൺഗ്രസിൽ വലിയ കുഴപ്പമാണെന്നാണ് ആദ്യം പറഞ്ഞത്. അന്നും ഞങ്ങൾ പറഞ്ഞു, കുഴപ്പം സി.പി.എമ്മിലും ബി.ജെ.പിയിലുമാണെന്ന്. അതാണ് ഇപ്പോൾ സംഭവിച്ചത്. പാലക്കാട് ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു. ഒരു ടീം ആയി ഒന്നിച്ചു നിന്ന് വർക്ക് ചെയ്താൽ വിജയം നിങ്ങൾക്കുള്ളതാണെന്നാണ് ജനങ്ങൾ ഞങ്ങളോട് പറഞ്ഞത്. വോട്ടർമാരോട് പ്രത്യേകമായ നന്ദി പറയുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ ജനകീയ പ്രശ്നങ്ങൾ പരിഹാരം ഉണ്ടാക്കാൻ സാധിക്കുന്ന മുന്നണിയായി ഐക്യ ജനാധിപത്യ മുന്നണി മാറും. മുൻ കെ.പി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചു. യു.ഡി.എഫിന് വേണ്ടി പ്രവർത്തനം നടത്തിയ ടീം വർക്കിന് വിജയം സമർപ്പിക്കുന്നു.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വൈകിച്ചത് സി.പി.എം നേതാക്കളുടെ സർട്ടിഫിക്കറ്റ് കൂടി കിട്ടുന്നതിനു വേണ്ടിയാണ്. സി.പി.എം നേതാക്കൾ നൽകിയ സർട്ടിഫിക്കറ്റുമായാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത്. എന്നിട്ടാണ് ഇരുട്ടി നേരം വെളുക്കുന്നതിന് മുൻപ് സി.പി.എം നേതാക്കൾ മലക്കം മറിഞ്ഞത്. എന്തെല്ലാം വർഗീയ പ്രചരണമാണ് സി.പി.എം നടത്തിയത്. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് രണ്ട് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള രണ്ടു പത്രങ്ങളിൽ സി.പി.എം പരസ്യം നൽകിയത്. സഘ്പരിവാർ പോലും നാണിച്ചപോകുന്ന വർഗീയ പ്രചരണമാണ് സി.പി.എം ഈ തിരഞ്ഞെടുപ്പിൽ നടത്തിയത്.

2021ലെ ദയനീയ സ്ഥിതിയിൽ തന്നെയാണ് സി.പി.എം ഇപ്പോഴും പാലക്കാട്. ഇ ശ്രീധരന് കിട്ടിയ വോട്ടുകളൊന്നും ബി.ജെ.പിയടേതല്ല. അത് ഇത്തവണ രാഹുലിന് കിട്ടി. അതും കിട്ടി അതിൽ കൂടുതലും കിട്ടി. സി.പി.എമ്മിന്റെ തകർച്ച കൊണ്ടാണ് പാലക്കാട് ബി.ജെ.പി വളർന്നത്. യു.ഡി.എഫാണ് ബി.ജെ.പിയെ പിടിച്ചു കെട്ടിയത്. 28 വർഷമായി സി.പി.എം എം.എൽ.എമാരുള്ള ചേലക്കരയിൽ 28000 വോട്ടിന്റെ ഭൂരിപക്ഷം കുറച്ചു. കഠിനാദ്ധ്വാനം ചെയ്താൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത്.

മന്ത്രി എം.ബി രാജേഷ് എഴുതിക്കൊടുത്തതതാണ് അപ്രസക്തരായ ആളുകൾ പാർട്ടി വിട്ടപ്പോഴും എനിക്കെതിരെ പറഞ്ഞത്. അഹങ്കാരിയും ധിക്കാരിയുമായ വി.ഡി സതീശന്റെ പാർട്ടി വിട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആൾ പോയത് വിനയന്വിതനും ലാളിത്യമുള്ളവനുമായ പിണറായി വിജയന്റെ പാർട്ടിയിലേക്കാണ്. അഹങ്കാരമാണെന്നും ധിക്കാരമാണെന്നും നിയമസഭയിൽ സി.പി.എം എം.എൽ.എമാർ പറഞ്ഞതും എന്നെക്കുറിച്ചല്ല. അവർ പറയാൻ ഉദ്ദേശിച്ച ആളിനോട് പറയാനുള്ള ധൈര്യം അവർക്കില്ല. പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതിൽ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്.

ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രിയും അളിയനും ചേർന്ന് എഴുതിയതാണ്. അതുകൊണ്ടു തന്നെ പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവർക്ക് നൽകുന്നു. കൂടുതലായി ചേർത്ത പതിനയ്യായിരം വന്നിട്ടും എൽ.ഡി.എഫിന് വോട്ട് കൂടിയില്ല. യു.ഡി.എഫ് ഭൂരിപക്ഷത്തിൽ എം.വി ഗോവിന്ദന്റെ സംഭാവനയുമുണ്ട്. കള്ളപ്പണക്കേസിൽ പ്രതിയാകേണ്ടതിന് പകരം സാക്ഷിയാക്കിയതിലും കോഴക്കേസിൽ ഒഴിവാക്കിയതിലും സരേന്ദ്രന് മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം എന്നെ വിമർശിച്ചത്. എന്നിട്ടും ജനങ്ങൾ യു.ഡി.എഫിനൊപ്പമാണെന്നു തെളിയിച്ചു. യു.ഡി.എഫിലും കോൺഗ്രസിലും എല്ലാവരെയും ചേർത്ത് പിടിച്ച് ഒറ്റക്കെട്ടായി മന്നോട്ട് പോകും. പ്രിയങ്ക ഗാന്ധിയുടെ വിജയവും യു.ഡി.എഫിന് കരുത്ത് പകരും'- വിഡി സതീശൻ പറഞ്ഞു.