rubber

കോട്ടയം: ഉത്പാദനത്തിലെ ഇടിവിനൊപ്പം വാങ്ങൽ താത്പര്യം കൂടിയോടെ റബർ വില കിലോയ്‌ക്ക് 200 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മഴ ടാപ്പിംഗ് കുറച്ചതോടെ കഴിഞ്ഞ വാരം റബർ വില 170 രൂപയിൽ നിന്ന് 180 രൂപയായി ഉയർന്നു. എന്നാൽ ഉത്പാദനമില്ലാത്തതിനാൽ കർഷകർക്ക് വില വർദ്ധനയുടെ നേട്ടം ലഭിച്ചില്ല.

റബർ ബോർഡ് വില 185 രൂപയിലും വ്യാപാരി വില 177രൂപയിലുമാണ് . വിപണി ഇടപെടലിലൂടെ വിലയിലെ എട്ടു രൂപ വ്യത്യാസം കുറയ്‌ക്കാൻ റബർ ബോർഡിന് കഴിയുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത്, ലാറ്റക്സ്, ഒട്ടുപാൽ വിലയിലും നേരിയ വർദ്ധനയുണ്ട്. ലാറ്റക്സ് വില 150-160 രൂപയിലേക്കും ഒട്ടുപാൽ 120-130 രൂപയിലേക്കും ഉയർന്നു.

ഇല കൊഴിച്ചിലും ഉത്പാദനം കുറച്ചു. ഉത്പാദന ചെലവായ 200 രൂപ വില കിട്ടുന്നതുവരെ വിപണിയിൽ നിന്ന് വിട്ടുനിൽക്കാനാണ് കർഷക സംഘടനകൾ നിർദ്ദേശിക്കുന്നത്.

ഇതിനിടെ അന്താരാഷ്ട്ര വില താഴേക്ക് നീങ്ങുകയാണ്. ബാങ്കോക്കിൽ വില 199 രൂപയിൽ നിന്ന് 190 രൂപയിലേക്കും ചൈന 195ൽ നിന്ന് 192രൂപയിലേക്കും ടോക്കിയോ വില 199ൽ നിന്ന് 190 രൂപയിലേക്കും താഴ്ന്നു.

ഉത്പാദന വർദ്ധന കുരുമുളകിന് വിനയാകും

ഇന്ത്യയിൽ കുരുമുളക് ഉത്പാദനം കൂടുമെന്നാണ് സ്പൈസസ് ബോർഡിന്റെ കണക്ക്. എന്നാൽ ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം കൂടില്ലെന്ന കണ്ടെത്തൽ ഇറക്കുമതി ലോബിയെ സഹായിക്കാനാണെന്ന് കർഷകർ പറയുന്നു. മസാല കമ്പനികൾ എരിവ് കൂടുതലുള്ള ഹൈറേഞ്ച് കുരുമുളകിനോടാണ് ഈയിടെ താത്പര്യം കാണിച്ചത്. എന്നാൽ ഇപ്പോൾ വില കുറവുള്ള ഇറക്കുമതി കുരുമുളകിനാണ് പ്രിയം. ഇറക്കുമതി ചെയ്യുന്ന മുളക് മൂല്യവർദ്ധനയോടെ കയറ്റുമതി ചെയ്യണമെന്ന നിയമം പാലിക്കാതെ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.