
പാലക്കാട്: കേരളത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ നഗരസഭയാണ് പാലക്കാട്. കേരളത്തിലെ തങ്ങളുടെ ഗുജറാത്ത് ആണ് പാലക്കാട് നഗരസഭയെന്നാണ് പ്രവര്‍ത്തകരും പല നേതാക്കളും മുന്‍ നേതാക്കളും പരസ്യമായി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതും. അത്രയും വലിയ കാവി കോട്ടയായി ബിജെപി കാണുന്ന നഗരസഭയില്‍ ബിജെപി ക്യാമ്പിനെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിരിക്കുന്നത്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും ഒപ്പം ഹോം വോട്ടുകളും എണ്ണിത്തീര്‍ന്ന ശേഷമാണ് നഗരസഭയിലെ 52 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളിലെ മേല്‍ക്കൈ ഇവിഎമ്മിലെ ആദ്യ രണ്ട് റൗണ്ടുകള്‍ എണ്ണുമ്പോഴും ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ 4000ന് അടുത്ത് ലീഡ് പ്രതീക്ഷിച്ച സ്ഥലത്ത് കിട്ടിയതാകട്ടെ വെറും 1418 വോട്ടിന്റെ മാത്രം ലീഡ്. വോട്ടെണ്ണല്‍ മൂന്ന് നാല് റൗണ്ടിലേക്ക് കടന്നപ്പോള്‍ രാഹുല്‍ മുന്നിലെത്തി. അധികം വൈകാതെ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ വെറും ആയിരത്തില്‍ താഴെ വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് ഉണ്ടായിരുന്നത്.
വോട്ടെണ്ണല്‍ ആറ് ഏഴ് റൗണ്ടുകളിലേക്ക് കടന്നതിന് ശേഷം പിന്നീടങ്ങോട്ട് രാഹുലിന്റെ തേരോട്ടമായിരുന്നു. നഗരസഭയിലെ വോട്ടുകള്‍ എണ്ണി തീര്‍ന്ന് പിരായിരി പഞ്ചായത്തിലേക്ക് കടന്നപ്പോള്‍ ലീഡ് 5000 കടന്നത് ഞൊടിയിടയിലാണ്. നഗരസഭയിലെ ബിജെപി ലീഡ് പിരായിരിയില്‍ മറികടക്കാമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ച് നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചത് 4590 വോട്ടിന്റെ അവിശ്വസനീയ ലീഡ്.
പിന്നീട് പിരായിരിയും മാത്തൂരും കണ്ണാടിയിലേയും വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ രാഹുല്‍ വിജയിച്ച് കയറിയത് റെക്കോഡ് ഭൂരിപക്ഷത്തിന് ഒരവസരത്തില്‍ ലീഡ് 20,000 കടന്നുവെങ്കിലും കണ്ണാടി പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 18,840 എന്ന നമ്പറിലേക്ക് എത്തുകയായിരുന്നു. 2016ല്‍ ശോഭ സുരേന്ദ്രനെ 17,483 വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ തോല്‍പ്പിച്ചതായിരുന്നു ഇതുവരെ മണ്ഡലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂരിപക്ഷം.
വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്നു പറയുമ്പോഴും കാവിക്കോട്ടയില്‍ എന്ത് പറ്റിയെന്ന് ഇനിയും ബിജെപിക്ക് മനസ്സിലായിട്ടില്ല. ഒരു വര്‍ഷത്തിനപ്പുറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടി വരും. നഗരസഭയിലെ വികസനമില്ലായ്മയാണ് ബിജെപിക്ക് വലിയ തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സംഘടനാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കും ആഭ്യന്തര കലഹങ്ങളിലേക്കും വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ നീണ്ടേക്കാം.