
ചെന്നൈ: എ.ആർ.റഹ്മാൻ- സൈറ ബാനു വിവാഹമോചനവാർത്തയ്ക്കു പിന്നാലെ റഹ്‌മാൻ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ ദാമ്പത്യബന്ധം അവസാനിപ്പിച്ചത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. സമൂഹ മാദ്ധ്യമത്തിൽ ഉയരുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി മോഹിനി രംഗത്തെത്തിയിരിക്കുകയാണ്. അഭിമുഖമെടുക്കാനെന്ന് പറഞ്ഞ് വലിയ തോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വരുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്ന് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞൊഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ താത്‌പര്യമില്ല. എന്റെ ഊർജ്ജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി, എന്റെ സ്വകാര്യതയെ ബഹുമാനിക്കണം - മോഹിനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. റഹ്‌മാൻ - സൈറ വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹ മോചനവുമായി ബന്ധമില്ലെന്ന് നേരത്തേ സൈറയുടെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു. പ്രതികരണവുമായി റഹ്മാന്റെ മക്കളും രംഗത്തെത്തി. 1995ലാണ് റഹ്മാനും സൈറയുംവും വിവാഹിതരായത്.