
പെർത്ത് ടെസ്റ്റിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150ന് ആൾഔട്ട്
ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 104ന് ആൾഔട്ട്
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 172
218 റൺസിന് ഇന്ത്യ മുന്നിൽ
ജസ്പ്രീത് ബുംറയ്ക്ക് അഞ്ചുവിക്കറ്റ്
യശസ്വി ജയ്സ്വാളിനും(90*) കെ.എൽ രാഹുലിനും (62*) അർദ്ധസെഞ്ച്വറി
പെർത്ത് : ആദ്യ ദിനം 150 റൺസിന് ആൾഔട്ടായ പെർത്തിലെ പിച്ചിൽ തീപോലെ ആളിപ്പടർന്ന് കളിയുടെ കടിഞ്ഞാൺ കൈക്കലാക്കി ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് രണ്ടാം ദിവസമായ ഇന്നലെ ആദ്യ സെഷനിൽ 104 റൺസിൽ അവസാനിപ്പിച്ചശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 172 റൺസ് എന്ന നിലയിലാണ്. ഇപ്പോൾ 218 റൺസിന്റെ ആകെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
ആദ്യ നാലു സെഷനുകളിലായി 20 വിക്കറ്റുകൾ പൊഴിഞ്ഞുവീണ പിച്ചിൽ രണ്ടാം ദിവസത്തെ അവസാന രണ്ടു സെഷനുകളിലും വിക്കറ്റ് കൈമോശം വരാതെ പിടിച്ചുനിന്ന് അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ യശസ്വി
ജയ്സ്വാളും(90 നോട്ടൗട്ട്) കെ.എൽ രാഹുലും (62 നോട്ടൗട്ട് ) ചേർന്നാണ് ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. ആദ്യ ദിനം ആദ്യ ഇന്നിംഗ്സിൽ 67/7 എന്ന നിലയിൽ പതറിയിരുന്ന ഓസീസിനെ ഇന്നലെ 24.2 ഓവർകൂടി ബാറ്റുചെയ്യാൻ അനുവദിച്ച് 104 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു ഇന്ത്യ. 30 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ നായകൻ ജസ്പ്രീത് ബുംറയും അരങ്ങേറ്റ ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് ഓസീസിനെ ചുരുട്ടിയത്.
ബുംറയുടെ
പഞ്ചാരി മേളം
ഇന്നലത്തെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽതന്നെ അലക്സ് കാരേയെ (21) കീപ്പർ പന്തിന്റെ കയ്യിലത്തിച്ചാണ് ജസ്പ്രീത് ബുംറ തന്റെ കരിയറിലെ 11-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. തുടർന്ന് മിച്ചൽ സ്റ്റാർക്കും (26) നഥാൻ ലിയോണും (5) ചേർന്ന് അൽപ്പനേരം പിടിച്ചുനിന്നു.ടീം സ്കോർ 79ലെത്തിയപ്പോൾ ലിയോണിനെ രാഹുലിന്റെ കയ്യിലെത്തിച്ച് ഹർഷിത് റാണ തന്റെ രണ്ടാം വിക്കറ്റ് നേടി.എന്നാൽ ഹേസൽ വുഡിനെ (7*) ഒപ്പം നിറുത്തി ടീമിനെ 100 കടത്തിയശേഷമേ സ്റ്റാർക്ക് മടങ്ങിയുള്ളൂ. 112 പന്തുകൾ നേരിട്ട സ്റ്റാർക്ക് രണ്ട് ബൗണ്ടറികളടക്കമാണ് 26 റൺസ് നേടി ആതിഥേയരുടെ ടോപ് സ്കോററായത്.ഒടുവിൽ ഹർഷിത് റാണയുടെ പന്തിൽ റിഷഭിന് ക്യാച്ച് നൽകിയാണ് സ്റ്റാർക്ക് മടങ്ങിയത്.
പതറാത്ത
ഓപ്പണിംഗ്
അതുവരെ പേസർമാരുടെ പറുദീസയായിരുന്ന പെർത്തിലെ പിച്ചിനെ യശസ്വിയും രാഹുലും ചേർന്ന് മെരുക്കിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. സ്റ്റാർക്കിന്റേയും ഹേസൽവുഡിന്റേയും കമ്മിൻസിന്റേയും തീതുപ്പുന്ന ബൗൺസറുകളെയും ഔട്ട് സ്വിംഗറുകളെയും ബുദ്ധിപരമായി അതിജീവിച്ച് ഇരുവരും റൺസ് കൂട്ടിച്ചേർത്തപ്പോൾ തൊട്ടുമുമ്പുവരെ കണ്ടിരുന്ന പിച്ചുതന്നെയോ അതെന്ന് കമന്റേറ്റർമാർ പോലും ചിന്തിച്ചുപോയി.ലഞ്ചിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ രാഹുലും യശസ്വിയും ചേർന്ന് ചായയ്ക്ക് പിരിയുമ്പോൾ 84/0 എന്ന സ്കോറിലെത്തിച്ചിരുന്നു. അടുത്ത സെഷന്റെ തുടക്കത്തിൽതന്നെ യശസ്വി അർദ്ധസെഞ്ച്വറിയിലെത്തി. 123 പന്തുകളാണ് യശസ്വിക്ക് ഇതിനായി വേണ്ടിവന്നത്. യശസ്വിയുടെ ഏറ്റവും വേഗതകുറഞ്ഞ അർദ്ധസെഞ്ച്വറിയാണിത്. ചായ കഴിഞ്ഞെത്തിയ ശേഷം രാഹുലും അർദ്ധസെഞ്ച്വറി തികച്ച് മുന്നേറി.
രണ്ട് സെഷനുകളിലുമായി 57 ഓവറുകളാണ് ഇവർ വിക്കറ്റുപോകാതെ പിടിച്ചുനിന്നത്.
മൂന്നാം ദിനമായ ഇന്ന് പരമാവധി സ്കോർ ഉയർത്തുകയാകും ഇന്ത്യ ലക്ഷ്യമിടുക.