g

ശക്തമായ ത്രികോണ മത്സരംനടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷം നേടിയാണ് (18,840 വോട്ട്) യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തുന്നത്. രണ്ടാമതെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന് 39,549 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. കോൺഗ്രസിൽ നിന്നെത്തിയ ഡോ. പി.സരിനെ ഇറക്കിയുള്ള സി.പി.എമ്മിന്റെ പരീക്ഷണവും ഫലംകാണാതായതോടെ ഇടതുമുന്നണിക്ക് തുടർച്ചയായ മൂന്നാംതവണയും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതുസ്ഥാനാർത്ഥിക്ക് 37,293 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. 2016ൽ ഷാഫി പറമ്പിൽ നേടിയതാണ് ഇതിന് മുമ്പ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. അന്ന് ഷാഫി 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഷാഫി ആകെ 57,559 വോട്ടും ശോഭ 40,076 വോട്ടും ഇടതു സ്ഥാനാർത്ഥി എൻ.എൻ.കൃഷ്ണദാസ് 38,675 വോട്ടും നേടി.