തിരുവനന്തപുരം: തലസ്ഥാനത്തെ സംഗീതലഹരിയിലാഴ്ത്തി കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐ.ഐ.എം.എഫ്) രണ്ടാംദിനം.ഇന്നലെ ന്യൂസിലാൻഡിൽ നിന്നുള്ള ലേസി ഫിഫ്റ്റി ബാൻഡും നെതർലാൻഡ്സിൽ നിന്നുള്ള മാർടൈർപവർ മെറ്റൽ ബാൻഡും വേദിയെ ഇളക്കിമറിച്ചു.മാർടൈറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.ഏറെ ആരാധകരുള്ള കേരള ഫോക്ക്‌റോക്ക് ബാൻഡായ കുലത്തിന്റെ തത്സമയ പ്രകടനവും കാണികളിൽ ആവേശം നിറച്ചു.ഗായിക പ്രാർത്ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആൽബമായ 'ഐ റോട്ട് ദിസ് ഓൺ എ റെയ്നി നൈറ്റിന്റെ' സോഫ്റ്റ് ലോഞ്ചും നടന്നു. ആൽബത്തിൽ നിന്നുള്ള ഗാനങ്ങളുടെ ആദ്യ തത്സമയ അവതരണത്തിനും ഐ.ഐ.എം.എഫ് വേദിയായി.ഗബ്രി, തബാചാക്കെ എന്നീ ബാൻഡുകളും ആസ്വാദകർക്ക് സംഗീതവിരുന്നൊരുക്കി.സമാപനദിവസമായ ഇന്ന് ലിത്വാനിയയിൽ നിന്നുള്ള ആഫ്രോഡെലിക് ബാൻഡ് ഉൾപ്പെടെ ആറ് ബാൻഡുകളുടെ അവതരണം നടക്കും. ആറ് രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക്ക് ബാൻഡുകളാണ് ഐ.ഐ.എം.എഫിൽ പങ്കെടുക്കുന്നത്.