
റെയ്‌ക്യവിക്: തെക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിൽലെ പ്രശസ്‌തമായ റെയ്‌ക്യാനസ് ഉപദ്വീപിലെ അഗ്നിപർവ്വതത്തിൽ വീണ്ടും ശക്തമായ സ്ഫോടനം. 2021 മുതൽ ഇത് പത്താം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.
സ്ഫോടന ഫലമായി ശക്തമായ ലാവയും പുകയും അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തുവരുന്നുണ്ട്. സമീപമുള്ള ഗ്രിൻഡാവിക് പട്ടണത്തിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണിന് സമീപത്തേക്കാണ് ലാവ പ്രവാഹം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയത്.
3 കിലോമീറ്റർ നീളത്തിലെ ഭീമൻ വിള്ളൽ അഗ്നിപർവ്വതത്തിൽ രൂപപ്പെട്ടു. സ്ഫോടനം നിലവിൽ വ്യോമഗതാഗതത്തിന് ഭീഷണിയല്ല. ഗ്രിൻഡാവിക് പട്ടണത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രാജ്യ തലസ്ഥാനമായ റെയ്‌ക്യവികിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് റെയ്‌ക്യാനസ് അഗ്നിപർവ്വതം.
നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം 2021 മുതലാണ് റെയ്‌ക്യാനസിൽ പൊട്ടിത്തെറി സജീവമായത്. യു.എസിലെ കെന്റക്കി സംസ്ഥാനത്തോളം മാത്രം വലിപ്പമുള്ള ഐസ്‌ലൻഡിൽ 30ലേറെ സജീവ അഗ്നിപർവ്വതങ്ങളുണ്ട്.