ipl

റിയാദ് : അടുത്ത സീസൺ ഐ.പി.എല്ലിനായുള്ള മെഗാ താരലേലം ഇന്നും നാളെയുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ആദ്യമായാണ് സൗദി താരലേലത്തിന് ആതിഥ്യം വഹിക്കുന്നത്.1574 താരങ്ങളാണ് ലേലത്തിനുള്ളത്. മിക്കടീമുകളും തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ വൻതുക മുടക്കി നിലനിറുത്തിയിട്ടുണ്ട്. സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ,ധോണി,ജഡേജ,റാഷിദ് ഖാൻ തുടങ്ങിയവരൊക്കെ നിലനിറുത്തപ്പെട്ടവരിൽ പെടുന്നു. നിലനിറുത്താൻ ഉപയോഗിച്ച പണത്തിന്റെ ബാക്കിയുമായാണ് ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ച നായകൻ ശ്രേയസ് അയ്യർ,ഡൽഹിയെ നയിച്ച റിഷഭ് പന്ത്, ലക്നൗവിനെ നയിച്ച കെ.എൽ രാഹുൽ, കഴിഞ്ഞ സീസണിലെ ഏറ്റവും വിലയേറിയ താരം മിച്ചൽ സ്റ്റാർക്ക് , യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരാണ് ഇത്തവണ ലേലത്തിനുള്ള പ്രധാന താരങ്ങൾ.

ടീമുകളും ലേലത്തിനുള്ള തുകയും

മുംബയ് ഇന്ത്യൻസ് : 45കോടി

ചെന്നൈ സൂപ്പർ കിംഗ്സ് : 55 കോടി

ഡൽഹി ക്യാപിറ്റൽസ് : 76.25 കോടി

ഗുജറാത്ത് ടൈറ്റാൻസ് : 69 കോടി

രാജസ്ഥാൻ റോയൽസ് : 41 കോടി

സൺറൈസേഴ്സ് ഹൈദരാബാദ് : 45 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : 63 കോടി

പഞ്ചാബ് കിംഗ്സ് : 110.5 കോടി

ആർ.സി.ബി : 83കോടി

ലക്നൗ സൂപ്പർ ജയന്റ്സ് : 69 കോടി

16 താരങ്ങൾ കേരളത്തിൽ നിന്ന്

നന്ന് നടക്കുന്ന ഐ.പി.എൽ താരലേലത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 താരങ്ങളുണ്ട്. കേരള ക്യാപ്ടൻ സച്ചിൻ ബേബി,മുഹമ്മദ് അസ്ഹറുദ്ദീൻ,വിഷ്ണു വിനോദ്, ബേസിൽ തമ്പി,രോഹൻ എസ്.കുന്നുമ്മൽ, ഷോൺ റോജർ,കെ.എം ആസിഫ്,സൽമാൻ നിസാർ,അബ്ദുൽ ബാസിത്,എം.അജ്നാസ്,അഭിഷേക് ജെ.നായർ, എസ്.മിഥുൻ,ജലജ് സക്സേന,വൈശാഖ് ചന്ദ്രൻ,ബാബ അപരാജിത്, വിഗ്നേഷ് പുതൂർ എന്നിവരാണ് ലേലപ്പട്ടികയിലുള്ളത്.