
പവൻ വില 58,400 രൂപയിൽ
കൊച്ചി: അമേരിക്കൻ ഡോളർ ദുർബലമായതോടെ ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുതിച്ചുയരുന്നു. റഷ്യയും ഉക്രെയിനുമായുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും ധന വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് സ്വർണ വില പവന് 600 രൂപ വർദ്ധിച്ച് 58,400 രൂപയായി. ഗ്രാമിന്റെ വില 75 രൂപ ഉയർന്ന് 7,300 രൂപയിലെത്തി. തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 79 ലക്ഷം രൂപയ്ക്ക് അടുത്തെത്തി. ഒക്‌ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് സംസ്ഥാനത്ത് പവന്റെ റെക്കാഡ് വില.
അമേരിക്കയിലെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷമാണ് സ്വർണ വില റെക്കാഡ് ഉയരത്തിൽ നിന്ന് ഇടിഞ്ഞത്. എന്നാൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കാൻ അമേരിക്ക സഹായിക്കുമെന്ന തരത്തിൽ ബൈഡൻ പ്രഖ്യാപനം നടത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വീണ്ടും പണമൊഴുക്ക് ശക്തമായി.