ar-rahman

ചെന്നെെ: തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്ക് എആർ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു. വീഡിയോ 24 മണിക്കൂറിനകം നീക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

എആർ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചന വാർത്ത സംഗീതലോകം ഞെട്ടലോടെയാണ് കേട്ടത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനമിട്ടാണ് ഇരുവരും വേർപിരിയുന്നത്. വിവാഹ മോചനം സംബന്ധിച്ച് എ ആർ റഹ്മാനും സെെറ ബാനുവും നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായവിവരങ്ങളും പ്രചരിച്ചിരുന്നു. പൊരുത്തക്കേടുകൾ കാരണം അവർ മാന്യമായി വേർപിരിയുകയായിരുന്നു. അതിലിനി ഊഹാപോഹങ്ങൾ കുത്തിനിറച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ഒരുപാട് ആലോചിച്ചാണ് ദമ്പതികൾ വിവാഹമോചനം എന്ന തീരുമാനമെടുത്തതെന്നും സൈറ ബാനുവിന്റെ അഭിഭാഷകയായ വന്ദനാ ഷാ പറഞ്ഞു. 1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. ദമ്പതികൾക്ക് ഖതീജ,​ റഹീമ,​ അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.