pic

ന്യൂയോർക്ക് : മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് മൃഗങ്ങളും. പണ്ട് കാലങ്ങളിൽ ഗവേഷണങ്ങൾക്കുൾപ്പെടെ മനുഷ്യർ മൃഗങ്ങളുടെ ജീവനായിരുന്നു വ്യാപകമായി പരീക്ഷണ വസ്തുവാക്കിയിരുന്നത്. ഇന്നും ചരിത്രം പരിശോധിക്കുമ്പോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞ ചില ജീവികളുടെ പേര് തെളിഞ്ഞു കാണാം.

ഇക്കൂട്ടത്തിൽ ചിലത് മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ജീവൻ സമർപ്പിച്ചവയാണ്. ചിലതാകട്ടെ, മനുഷ്യർക്കായി ജീവിച്ച് മനുഷ്യരെ പോലും അത്ഭുതപ്പെടുത്തിയവ. ഇനി മറ്റു ചില മൃഗങ്ങൾ അറിഞ്ഞോ അറിയാതെയോ മനുഷ്യരുടെ ക്രൂരതകൾക്കിരയായവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് ടൈക്ക്. !

ഓർമ വച്ചനാൾ മുതൽ സർക്കസ് കൂടാരത്തിനുള്ളിൽ പരിശീലകരുടെ ഉപദ്രവങ്ങൾ നേരിടുകയും ഒടുവിൽ സഹികെട്ട് രക്ഷപ്പെടാൻ ശ്രമിക്കവെ മനുഷ്യരാൽ കൊല്ലപ്പെടുകയും ചെയ്ത ആഫ്രിക്കൻ പിടിയാനയാണ് ' ടൈക്ക്'. 1974ൽ മൊസാംബിക്കിൽ ജനിച്ച ടൈക്കിന്റെ ലോകം സർക്കസ് കൂടാരമായിരുന്നു. കാഴ്ചക്കാരുടെ മുന്നിൽ വച്ച് ടൈക്കിനെ പതിവായി തല്ലിയിരുന്നു.

ഒടുവിൽ 1994 ഓഗസ്‌റ്റ് 20ന് യു.എസിലെ ഹവായിയിലെ സർക്കസ് ഇന്റർനാഷണലിന്റെ കൂടാരത്തിൽ ഷോയ്ക്കിടെ അക്രമാസക്തമായ ടൈക്ക് പരിചാരകരെ തട്ടിയെറിയുകയും ട്രെയിനറെ ചവിട്ടി കൊല്ലുകയും ചെയ്തു. ഷോ കാണാനെത്തിയവർ ജീവനും കൊണ്ട് പുറത്തേക്കോടി. സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെടാനായി തിരക്കേറിയ തെരുവിലൂടെ ടൈക്കും ഇറങ്ങിയോടി.

ഇതിനിടെ കണ്ണിൽക്കണ്ട വാഹനങ്ങളൊക്കെ തട്ടിമാറ്റി. മനുഷ്യരിൽ നിന്നും രക്ഷപ്പെടാനായി തെരുവിലൂടെ ഓടുന്നതിനിടെ അധികൃതർ 86 തവണ ടൈക്കിനെ വെടിവച്ചു. രക്തത്തിൽ കുളിച്ച ടൈക്ക് ഒടുവിൽ ചരിഞ്ഞു. വെടിയേറ്റ് നിൽക്കുന്ന ടൈക്കിന്റെ ചിത്രം ഇന്നും ലോകത്തെ മുഴുവൻ നൊമ്പരപ്പെടുത്തുന്നു. ടൈക്കിന്റെ മരണത്തിന് പിന്നാലെ സർക്കസുകളിൽ മൃഗങ്ങൾക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങൾക്കെതിരെ അമേരിക്കയിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.