a

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തിന് കോൺഗ്രസുകാർ നന്ദി പറയുന്നത് മന്ത്രി എം.ബി. രാജേഷിനാണ്. അടൂരിൽ നിന്നെത്തി,​ പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പിൻഗാമിയാകാനുള്ള മാങ്കൂട്ടത്തിലിന്റെ പോരാട്ടത്തിന് മന്ത്രി രാജേഷ് ചെയതു കൊടുത്ത 'സഹായം" മറക്കാനാവില്ലത്രെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി.സരിനു വേണ്ടി സി.പി.എമ്മിന്റെ അഭിനവ തന്ത്രശാലികൾ 'ബുദ്ധി പൂർവം" കാട്ടിക്കൂട്ടിയതെല്ലാം സെൽഫ് ഗോളുകളായി തിരിച്ചടിച്ചെന്നാണ് യു.ഡി.എഫ് നേതാക്കളുടെ സാക്ഷ്യം.

കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കാനുള്ള പാലക്കാട് ഡി.സി.സിയുടെ ശുപാർശ മറികടന്ന് രാഹുലിനെ ഇറക്കുമതി ചെയ്തത് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള വി.ഡി. സതീശന്റെ ഡീലാണെന്നായിരുന്നു എൽ.ഡി.എഫിന്റെ ആദ്യ പ്രചാരണം. മുരളിയെ ശുപാർശ ചെയ്യുന്ന ഡി.സി.സിയുടെ കത്ത് പുറത്തുവന്നതും ആയുധമാക്കി. അപകടം മണത്ത കെ.സി. വേണുഗോപാൽ ഉൾപ്പെട്ട കേന്ദ്ര നേതൃത്വം കൈയോടെ ഇടപെട്ട് മുരളീധരന്റെ 'മുറു മുറുപ്പ്" മാറ്റി പ്രചാരണത്തിന് പാലക്കാട്ടേക്ക് വണ്ടികയറ്റി. നീരസം മറന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ ഉൾപ്പെടെ കൈ കോർത്തു. തന്നെ ഷാഫി പറമ്പിലിന്റെ നോമിനിയായി ചിത്രീകരിച്ചതിന് രാഹുൽ നന്ദി പറഞ്ഞതും സി.പി.എം നേതാക്കളോട്...! എൽ.ഡി.എഫിന്റെ തുടർ തന്ത്രങ്ങളെല്ലാം ചക്കിനു വച്ചത് കൊക്കിനു കൊണ്ട സ്ഥിതിയിലായി.

നീല ട്രോളി ബാഗ് ആയിരുന്നു ഒരു വില്ലൻ. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മിഷന്റെ വോട്ടർ ഐ.ഡിയുടെ മോഡലിൽ വ്യാജ ഐ.ഡി കാർഡ് തയാറാക്കി വെട്ടിലായ വിരുതൻ ഒരു നീല ട്രോളി ബാഗുമായി പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ തങ്ങുന്ന ഹോട്ടൽ ലക്ഷ്യമാക്കി നീണ്ടുന്നത് 'സി.പി.എം ഇന്റലിജൻസ് " മണത്തറിഞ്ഞു. കക്ഷി രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത ആളാണെന്നു കൂടി കണ്ടതോടെ,ബാഗിൽ കള്ളപ്പണമാണെന്ന് ഉറപ്പിച്ചു.

പൊലീസിന്റെ സഹായത്തോടെ പിന്നെ നടന്നത് പാതിരാ നാടകം. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ ഉൾപ്പെടെ അ‌ർദ്ധരാത്രി വനിതാ പൊലീസില്ലാതെ റെയ്ഡ്. കതകിൽ മുട്ടിയ നേതാവിനോട് വനിതാ പൊലീസ് എവിടെയെന്നു ചോദിച്ചതോടെ അവരും ഹാജർ. ഉടൻ സ്ഥലത്തെത്തിയ സി.പി.എം, ബി.ജെ.പി പ്രവർത്തകർ റെയ്ഡിന്റെ പേരിൽ ഒത്തുചേർന്നതും, കോൺഗ്രസ് പ്രവർത്തകരോട് ഏറ്റുമുട്ടിയതും എന്തിനായിരുന്നുവെന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ബാഗിൽ തന്റെ വസ്ത്രങ്ങളായിരുന്നുവെന്ന് മാങ്കൂട്ടത്തിൽ. ചെറിയ ട്രോളി ബാഗിൽ പണം നിറച്ചാൽത്തന്നെ കാൽ ലക്ഷം രൂപയിലേറെ അതിൽ കൊള്ളില്ലെന്നും!

പൊലീസ് റെയ്ഡ് പുകയായെങ്കിലും ബാഗിൽ പണം തന്നെയെന്ന് ഉറപ്പിച്ച് സി.പി.എം നേതാക്കൾ അന്വേഷണം ആവശ്യപ്പട്ട് ഡി.ജി.പിക്ക് പരാതിയും നൽകി. ഇല്ലാത്ത തെളിവിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കാനാവില്ലെന്ന് പിണറായിയുടെ പൊലീസ്. ഇരുട്ടിൽ തപ്പി പരാതിക്കാർ. ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വിട്ടിട്ടും ക്ലച്ച് പിടിച്ചില്ല. ട്രോളി ബാഗ് വലിച്ചറിഞ്ഞ് ജനകീയ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ പാർട്ടി നേതാവ് എൻ.എൻ. കൃഷ്ണദാസിന്റെ ഉപദേശം. ട്രോളി ബാഗ് ഓപ്പറേഷൻ അങ്ങനെ പാളി. ട്രോളി ബാഗ് എന്നു കേട്ടാൽ,​ 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത്" എന്നാണത്രെ പാലക്കാട്ടെ സി.പി.എം നേതാക്കളുടെ ശാസന!

 

സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് അവസാന നിമിഷം കോൺഗ്രസിലെത്തിയത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്

ഗുണമായോ ദോഷമായോ എന്നത് കോൺഗ്രസുകാർ പരിശോധിക്കട്ടെ. പക്ഷേ,​ അതിന്റെ പേരിൽ വെട്ടിലായത് വഴിയേപോയ വയ്യാവേലി തലയിലേറ്റിയ എൽ.ഡി.എഫ്! സന്ദീപ് വാര്യർ ബി.ജെ.പിയുമായി ഇടഞ്ഞപ്പോൾത്തന്നെ വാര്യർക്കായി സി.പി.എം അടുപ്പിൽ വെള്ളം വച്ചതാണ്. സന്ദീപ് വാര്യർ 'ക്രിസ്റ്റൽ ക്ലിയർ" ആണെന്നു വരെ എ.കെ.ബാലൻ സഖാവിന്റെ വിശേഷണം. ഒടുവിൽ കിളി പറന്ന് യു.ഡി.എഫ് കൂട്ടിലെത്തി!

അതോടെ, സന്ദീപ് വാര്യർ ഇടതിന് വർഗീയവാദിയായി. ചില നേതൃസഖാക്കളുടെ അതിബുദ്ധി പിന്നെയും കപ്പൽ കയറി. സന്ദീപ് വാര്യരുടെ പഴയ വിവാദ ഫേസ് ബുക്ക് പോസ്റ്റുകളുമായി വോട്ടെടുപ്പിനു തലേന്ന് സുപ്രഭാതം, സിറാജ് ദിനപത്രങ്ങളിൽ പരസ്യം വന്നു. വർഗീയവിഷം തുപ്പുന്ന പരസ്യമെന്ന് യു.ഡി.എഫ്. സ്വന്തം കൂടാരത്തിലെ സി.പി.ഐക്കു പോലും ആ ബുദ്ധി ദഹിച്ചില്ല. പരസ്യത്തിന്റെ പേരിൽ രണ്ടു പത്രങ്ങൾക്ക് കുറച്ച് പണം കിട്ടിയിരിക്കാം. പണം മുടക്കിയവർക്ക് പഴിയും.

 

'മൂന്നാം ഇടതു മുന്നണി സർക്കാരിന്റെ ഉദയം (3.0 )" എന്നാണ് ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.

പ്രദീപിന്റെ വിജയത്തെപ്പറ്റി സ്ഥലത്തെ മുൻ എം.എൽ.എയും ആലത്തൂർ എം.പിയുമായ കെ. രാധാകൃഷ്ണന്റെ

വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന്റെ തരി പോലും അവിടെ കണ്ടെത്താനായില്ലെന്ന് എം.വി. ഗോവിന്ദൻ മാഷ്. യു.ഡി.എഫ് രണ്ടു തേങ്ങ ഉടച്ചപ്പോൾ, ഇവിടെ ഒന്നെങ്കിലുമുടച്ച് മുഖം രക്ഷിക്കാനായി. അപ്പോൾ, പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായ താൻ ചരിത്രവിജയം നേടിയതിനു കാരണം ഭരണവിരുദ്ധ വികാരമല്ലേ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം. കോൺഗ്രസിൽ നിന്നെത്തിയ സരിൻ ഇടതു സ്ഥാനാർത്ഥിയായതുകൊണ്ട് സി.പി.എമ്മിന്റെ വോട്ടിൽ തെല്ലും ചോർച്ചയുണ്ടായില്ലെന്ന് ഉത്തരം. മൂന്നിടത്തും തേങ്ങയുടച്ച് ശരണം വിളിക്കാമെന്ന യു.ഡി.എഫിന്റെ അതിമോഹം പൊലിഞ്ഞു. എൽ.ഡി.എഫിന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന അവരുടെ വിശ്വാസം രക്ഷിക്കട്ടെ!

 

'ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ...." എന്ന സിനാമാ ഗാനം കാമുകരുടെ നൊമ്പരമാവാം. സമുദ്രത്തെയും ആനയെയും മോഹൻലാലിനെയും കെ. മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് കോൺഗ്രസിലെ പുത്തൻകൂറ്റുകാരനായ സന്ദീപ് വാര്യർ. ആ ഗണത്തിൽ കെ. മുരളീധരനെക്കൂടി ഉൾപ്പെടുത്തിയത്,​ തന്റെ വരവിൽ ആദ്യം നീരസം പ്രകടിപ്പിച്ച അദ്ദേഹത്തെ സുഖിപ്പിക്കാനാവാം. പക്ഷേ, പാലക്കാട്ടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാറിന്റെ മുഖം തന്നെ കണ്ട് ബി.ജെ.പിക്കാർക്ക് മടുത്തുവെന്നാണ് അവിടത്തെ ചില പാർട്ടി നേതാക്കളുടെ വിമർശനം. ഒരു പുതുമുഖം മതിയായിരുന്നുവത്രെ. 'പാഥസാം നിചയം വാർന്നൊഴിഞ്ഞളവ്,​ സേതുബന്ധനോദ്യോഗമെന്തെടോ?" (വെള്ളം മുഴുവൻ വാർന്നു പൊയ്ക്കഴിഞ്ഞ ശേഷം ചിറ കെട്ടിയിട്ട്എന്തു കാര്യം?​) ബി.ജെ.പിയുടെ അടിത്തറയല്ല, മേൽക്കൂരയാണ് പൊളിച്ചു മാറ്റേണ്ടതെന്ന മറ്റു ചില നേതാക്കളുടെ ഉന്നം ആരെ ഉദ്ദ്യേശിച്ചെന്ന് വ്യക്തം!

നുറുങ്ങ്:

 കോൺഗ്രസിൽ നിന്നെത്തി പാലക്കാട്ട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി. സരിൻ തിളങ്ങുന്ന

നക്ഷത്രമാണെന്നും, പാർട്ടി ഒരിക്കലും കൈവിടില്ലെന്നും മുൻ മന്ത്രി എ.കെ. ബാലൻ.

@ 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി, തുള്ളിത്തുളുമ്പുകയെന്യേ..."

(വിദുരരുടെ ഫോൺ: 99461 08221)