bride

മുംബയ്: ട്രെയിനിൽ നിലത്തിരുന്ന് യാത്ര ചെയ്ത നവവധുവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വിവാഹ വസ്ത്രത്തിൽ ട്രെയിനിൽ മുഖം മറച്ചിരിക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ചർച്ചയായിരിക്കുന്നത്. ഇതോടെ റെയിൽവേയെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ട്രെയിനിൽ നിന്ന് പുറത്തേക്ക് കടക്കാനുളള ഒരു വാതിലിന് സമീപത്തായി ബാഗുകളുമായി ഇരിക്കുന്ന നവവധുവിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ജിതേഷ് എന്ന യുവാവാണ്. എക്സിലൂടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

ചിത്രത്തോടൊപ്പം യുവാവ് പെൺകുട്ടികൾ ഉളള മാതാപിതാക്കളോട് ഒരു അഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. മാന്യമായി കുടുംബജീവിതം നടത്താൻ പ്രാപ്തിയില്ലാത്ത പുരുഷൻമാരോടൊപ്പം മാതാപിതാക്കൾ അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് അയക്കരുതെന്നായിരുന്നു സന്ദേശം. അങ്ങനെയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ അവരുടെ ദാമ്പത്യത്തിൽ കടുത്ത വെല്ലുവിളികൾ ഉണ്ടാക്കുമെന്നും യുവാവ് പറയുന്നു. വധുവിന്റെ പേരോ മ​റ്റുളള വിവരങ്ങളോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടില്ല. യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചാണിത്.

ഇതോടെ ചിലർ ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യാനും തുടങ്ങി. ചിത്രം വ്യാജമാണെന്നും ഇത്തരത്തിൽ തെ​റ്റിദ്ധാരണ പരത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഒരു ഉപയോക്താവ് ആവശ്യപ്പെടുന്നു. ആ യുവതി ടിക്ക​റ്റില്ലാതെയായിരിക്കും യാത്ര ചെയ്യുന്നതെന്ന് മ​റ്റൊരാൾ പറഞ്ഞു. സംഭവം കെട്ടിച്ചമച്ചതാണെന്നാണ് പലരുടെയും പ്രതികരണം.