dubai

ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുന്നതിനും റദ്ദാക്കുന്നതിനും മരണപ്പെട്ടയാളുമായി രക്തബന്ധമുള്ളയാൾക്കോ പവർ ഒഫ് അറ്റോർണിയുള്ളയാൾക്കോ മാത്രമേ ഇനിമുതൽ സാധിക്കുകയുള്ളൂ.

കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഫണ്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് അടക്കം ഇന്ത്യയിലെ അഞ്ച് അധികാര കേന്ദ്രങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കണം. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാർ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. കോൺസുലേറ്റ് അംഗീകരിച്ച നിരക്കിനേക്കാൾ പല ഏജന്റുമാരും കൂടുതൽ തുക ഈടാക്കുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് പ്രവാസി സമൂഹം ജാഗരൂകരായിരിക്കണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള എല്ലാ സഹായങ്ങളും കോൺസുലേറ്റ് ചെയ്തുനൽകും. ഒരു പൈസയും ഈടാക്കാതെ കുടുംബത്തിന് ഇത്തരം സേവനങ്ങൾ ചെയ്തുനൽകാൻ എല്ലാ എമിറേറ്റുകളിലും കോൺസുലേറ്റിന് കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പാനലുണ്ട്. സേവനങ്ങൾക്കും മാ‌ർഗനിർദേശങ്ങൾക്കുമായി ഇവരെ ബന്ധപ്പെടാവുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു.

അതേസമയം, പുതിയ നിയമങ്ങൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനുമേൽ അധികഭാരം ചുമത്തുന്നവയാണെന്ന് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകർ ആരോപിച്ചു. രേഖകൾ റദ്ദാക്കാനും മറ്റും ഇനിമുതൽ സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.