
കൊച്ചി: മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നീ നടന്മാർക്കെതിരെയുള്ള ലൈംഗിക പീഡനപരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ആലുവ സ്വദേശിനിയായ നടി. സർക്കാരിൽനിന്ന് പിന്തുണ കിട്ടിയില്ലെന്നും അതിനാൽ പരാതി പിൻവലിക്കുകയാണെന്നുമാണ് നടി നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ പരാതിയുമായി വീണ്ടും മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അന്വേഷണ സംഘത്തിന്റെ നടപടികളുമായി സഹകരിക്കുമെന്നാണ് നടി പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പീഡനാരോപണങ്ങൾ ഉന്നയിച്ച് നടി രംഗത്തെത്തിയത്. ഇവർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയുണ്ടായ നടിയുടെ പിന്മാറ്റം കേസന്വേഷണത്തെത്തന്നെ ബാധിക്കുമെന്ന തോന്നലുണ്ടാക്കി. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും മാദ്ധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു.
'എന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറായില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്‌സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി.ഇതുപോലെ കല്ലുവച്ച നുണ ഒരു പെൺകുട്ടിയും പറയാൻ പാടില്ല. അവർ സ്വന്തം മകളുടെ തലയിൽ കൈവച്ച് പറയട്ടെ ഞാൻ അത് ചെയ‌്തുവെന്ന്. ഇങ്ങനൊരു കള്ളം പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് ആദ്യം അന്വേഷിക്കണം. എന്നെപ്പോലൊരു നിരപരാധിയെ വെറുതെ ക്രൂശിക്കരുത്. ഞാൻ പൊതുജനങ്ങൾക്കും മീഡിയക്കും വേണ്ടി ഇറങ്ങിയതാണ്.
എന്നിട്ടും അവരാരും എന്റെ കൂടെ നിന്നില്ല.ഞാൻ സോഷ്യൽ മീഡിയയിൽ വളരെ ഫേമസ് ആയിട്ടുള്ള ആളാണ്. അത്തരം പരിപാടികളൊന്നും എനിക്ക് പറ്റില്ലെന്ന് ഇവിടുത്തെ മീഡിയ വിചാരിക്കണമായിരുന്നു. എനിക്കെതിരെ പരാതി നൽകിയ ബന്ധുവിന്റെ ബാക്ക് ഗ്രൗണ്ട് എന്തുകൊണ്ട് അന്വേഷിച്ചില്ല? ഈ കേസിൽ എനിക്ക് സർക്കാരിന്റെ പിന്തുണ വേണം. എന്നെ സർക്കാർ ചേർത്തുപിടിക്കണം''എന്നൊക്കെയാണ് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.