
ആഘോഷരാവിൽ പതിയിരുന്ന വൻ ദുരന്തം... അപ്രതീക്ഷിതമായെത്തിയ അപകടം... നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന രാത്രി (കുസാറ്റ് വിദ്യാർത്ഥികളായ മൂന്നു പേരും, പരിപാടി കാണാൻ പാലക്കാട്ടു നിന്നെത്തിയ ഫയർ ആൻഡ് സേഫ്ടി കോഴ്സ് വിദ്യാർത്ഥിയും). കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. പരസ്പരം പഴിചാരലും, കൈമലർത്തലുകളുമെല്ലാം ഏറെക്കണ്ട ദുരന്തത്തിൽ നഷ്ടം നാല് കുടുംബങ്ങൾക്കു മാത്രം! അന്വേഷണങ്ങൾ വിവിധ തലങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആരുടെയൊക്കെയോ വാമൂടിക്കെട്ടാനെന്ന പോലയായിരുന്നു അതെല്ലാം. കാര്യമായ നടപടികളൊന്നുമുണ്ടായില്ല. പ്രഖ്യാപനങ്ങൾ പലതും പലരും നടത്തിയെങ്കിലും അതെല്ലാം അങ്ങനെതന്നെ ഇല്ലാതെയായി. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നൽകിയ അഞ്ചു ലക്ഷം രൂപ മാത്രമാണ് സംഭവത്തിലെ ഏക ആശ്വാസം. സർവകലാശാലയുടെ ഭാഗത്തു നിന്ന് ആശ്വാസ വാക്കുകളല്ലാതെ മറ്റൊന്നുമുണ്ടായില്ല.
2023 നവംബർ 25-നാണ് നാടിനെ നടുക്കിയ 'കുസാറ്റ്" ദുരന്തമുണ്ടായത്. സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനിയറിംഗ് വിഭാഗം നടത്തിയ 'ടെക് ഫെസ്റ്റി"ന്റെ അവസാന ദിവസം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്കായി നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ യുവാക്കളുടെ ഒഴുക്കായിരുന്നു. രാത്രി ഏഴുമണിയോടെയുണ്ടായ പെരുമഴ, എല്ലാ സന്തോഷങ്ങൾക്കും മീതേയ്ക്ക് ദുരന്തമായി ഇടിച്ചുകുത്തി പെയ്തിറങ്ങി. നനയാതിരിക്കാൻ വിദ്യാർത്ഥിക്കൂട്ടം ഒന്നാകെ അർദ്ധവൃത്താകൃതിയിലുള്ള ആ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറി. റോഡ് നിരപ്പിൽ നിന്ന് താഴേയ്ക്കുള്ള ചെരിവിലാണ് ഓഡിറ്രോറിയം. താഴേക്കിറങ്ങാൻ മൂന്നു കവാടങ്ങൾ, നടുവിലെ കവാടത്തിൽ നിന്ന് താഴേയ്ക്ക് പതിനൊന്ന് സിമന്റ് പടികൾ. ഗേറ്റ് തുറന്നപ്പോഴുണ്ടായ തള്ളലിൽ സിമന്റ് പടികളിലേക്ക് കമിഴ്ന്നുവീണവരാണ് ദുരന്തത്തിന് ഇരകളായത്. പടികൾക്ക് വീതി കുറവായിരുന്നു. പിടിച്ചിറങ്ങാൻ കൈവരി പോലും ഇല്ലായിരുന്നു...
ഒരു കൂട്ടദുരന്തമൊന്നും ആരുടെയും വിദൂര ചിന്തകളിൽപ്പോലും ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ സംഭവിച്ചത് നേരെ വിപരീതമായി. തിക്കിലും തിരക്കിലും നാലു പേരുടെ ജീവൻ പൊലിഞ്ഞു. നാലു കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൊലിഞ്ഞു. കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ ബി.ടെക് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (22), പറവൂർ കുറുമ്പത്തുരുത്ത് കോണത്തു വീട്ടിൽ ആൻ റിഫ്റ്റ റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ വയലപ്പിള്ളിൽ സാറ തോമസ് (22) എന്നിവരും, ഫെസ്റ്റ് കാണാനെത്തിയ പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ആൽബിൻ ജോസഫുമാണ് (22) മരിച്ചത്. അപകടത്തിൽ 64 പേർക്ക് പരിക്കേറ്റു.
അന്വേഷണം
പ്രഹസനം
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സർവകലാശാലാ സിൻഡിക്കേറ്റ്, പൊലീസ് എന്നിങ്ങനെ വിവിധ തലങ്ങളിലാണ് അപകടത്തിനു പിന്നാലെ അന്വേഷണം നടന്നത്. എന്നാൽ, അതിലൊന്നു പോലും കൃത്യമായി നടന്നില്ലെന്ന് പിന്നീട് ആരോപണങ്ങളുയർന്നു. അപകടത്തിനു കാരണമായ 'ധിഷണ" ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ച, സംഘാടകരായ വിദ്യാർത്ഥികളുടെയും പ്രിൻസിപ്പലിന്റെയും തലയിൽ വച്ച് സർവകലാശാല അന്ന് വിശദീകരണ കുറിപ്പിറക്കി ആദ്യമേ തലയൂരി.
സംഘാടക സമിതി നൽകിയ നോട്ടീസിൽ സ്‌കൂൾ ഒഫ് എൻജിയറിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഇതറഞ്ഞിട്ടും പ്രിൻസിപ്പാൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നുമായിരുന്നു മറ്റൊരു വിശദീകരണം. ഇതെല്ലാം പിന്നീട് ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞു. പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിട്ടും സുരക്ഷയൊരുക്കാൻ പൊലീസിനെ ബന്ധപ്പെടാൻ തയ്യാറാകാഞ്ഞത് രജിസ്ട്രാറുടെ ഓഫീസാണെന്നും കണ്ടെത്തലുണ്ടായി.
സി.എസ്.ഇ.എസ് സീനിയർ ഫെലോ കെ.കെ. കൃഷ്ണകുമാർ കൺവീനറായ സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ രജിസ്ട്രാർ ഓഫീസായിരുന്നു സംശയനിഴലിൽ. ഇതേത്തുടർന്ന് രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റി. സ്‌കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പാളായിരുന്ന ദീപക് സാഹുവിനെ മാറ്റി, ഡോ. ശോഭാ സൈറിസിനെ നിയമിച്ചതും ഈ റിപ്പോർട്ടിനു പിന്നാലെയായിരുന്നു. നടപടികൾ ഇതിലൊതുങ്ങി. ഡോ. ശശി ഗോപാലൻ (ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ), ഡോ.വി.ജെ. ലാലി (കോളേജ് ഒഫ് എൻജിനിയറിംഗ് അസോ. പ്രൊഫസർ) എന്നിവരായിരുന്നു ഉപസമിതിയിലെ മറ്റ് അംഗങ്ങൾ.
പെരുമാറ്റച്ചട്ടം
കടലാസിൽ!
'കുസാറ്റ്" ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അന്നു പറഞ്ഞിരുന്നു. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ്, സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസ് മേധാവി ഡോ. ബൈജു കെ.ആർ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു എന്നായിരുന്നു മന്ത്രി പറഞ്ഞത്. 'കുസാറ്റ്" ദുരന്തം വിസ്മൃതിയിലായതോടെ ഈ സമിതിയും പെരുമാറ്റച്ചട്ടവുമെല്ലാം കടലാസിലൊതുങ്ങി.
ആൾക്കൂട്ടമുള്ള പരിപാടികൾ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് പ്രൊസീജിയർ എന്ന ചട്ടപ്രകാരം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന മാർഗരേഖ പുറത്തിറക്കുമെന്ന് അന്ന് എ.ഡി.ജി.പി ആയിരുന്ന എം.ആർ. അജിത് കുമാർ പ്രഖ്യാപിച്ചിരുന്നതും പാഴ്‌വാക്കായി. ദുരന്തത്തിനു പിന്നാലെ 'കുസാറ്റി"ൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നിബന്ധനകൾ ഉൾക്കൊള്ളിച്ച മാർഗരേഖ പുറത്തിറക്കിയിരുന്നു. പക്ഷേ, അതിനു ശേഷം നടന്ന ഒരു പരിപാടിയിൽപ്പോലും ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ല.
നാലു ജീവനുകൾ പൊലിഞ്ഞ, അർദ്ധവൃത്താകൃതിയിലുള്ള ഓഡിറ്റോറിയം പിന്നെ തുറക്കപ്പെട്ടിട്ടില്ല.
ഓഡിറ്റോറിയം പോരായ്മകൾ പരിഹരിച്ച്, നവീകരിച്ച് ഉപയോഗയോഗ്യമാക്കാമെന്ന് അന്നത്തെ അന്വേഷണ സമിതികൾ നിർദേശിച്ചിരുന്നെങ്കിലും, അതൊന്നും ഒരുവർഷമായിട്ടും പാലിക്കപ്പെട്ടില്ല. അന്ന് കയർ കെട്ടി തിരിച്ച് പ്രവേശനം നിരോധിച്ച ഇവിടം ഇപ്പോഴും 'ദുരന്ത സ്‌മാരക"മായി അങ്ങനെ തന്നെ തുടരുന്നു.