arrest

തൃശൂർ: ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ. മേലൂർ ശാന്തിപുരം നിലപ്പന വീട്ടിൽ ലിബിൻ (34) ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. പൊലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് മോഷണം പുറത്തായത്. കാതിക്കുടം സ്വദേശിയുടെ ബൈക്ക് കൊരട്ടിയിൽ നിന്നും മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഒപ്പം ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. മോഷ്ടിച്ച ഇരുചക്രവാഹനങ്ങൾ പാർട്‌സുകളാക്കി വീടിന്റെ ടെറസിൽ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുകയുമാണ് ഇയാളുടെ രീതി. ടെറസിൽ നിന്നും പത്തിലേറെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെടുത്തു. സി.ഐ അമൃത രംഗൻ, എസ്.ഐമാരായ ഒ.ജി.ഷാജു, എൻ.എസ്. റെജിമോൻ, സി.പി.ഷിബു, കെ.എ. ജോയ്, എ.എസ്.ഐ. കെ.സി. നാഗേഷ്, സീനിയർ സിപിഒമാരായ ഉണ്ണികൃഷ്ണൻ, സജീഷ്, സി പി ഒ മാരായ ശ്യാം, മണിക്കുട്ടൻ, ഹോം ഗാർഡ് ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.