
ആലപ്പുഴ : സുഹൃത്തിന് ബാങ്ക് അക്കൗണ്ട് നമ്പർ കൈമാറിയ യുവാവ് വെർച്വൽ കോടതി തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ആലപ്പുഴ പഴവീട് പള്ളാത്തുരുത്തി പുത്തൻ ചിറയിൽ മുഹമ്മദ് ജുനൈദിനെയാണ് കർണാടക പൊലീസ് പിടികൂടിയത്. ജുനൈദിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവാണ് വെർച്വൽ കോടതി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാൾ കർണാടകപൊലീസിന്റെ പിടിയിലാണ്. എന്നാൽ ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ സ്വദേശിയായ യുവാവ് മംഗളുരു സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജുനൈദും പൊലീസ് കസ്റ്റഡിയിലായതെന്നാണ് വിവരം. സുഹൃത്തിന്റെ വീടും വസ്തുവും വിറ്റുകിട്ടുന്ന പണം മുഴുവനായി സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ടാക്സ് പിടിക്കുമെന്ന് പറഞ്ഞാണ് ജുനൈദിന്റെ അക്കൗണ്ട് നമ്പർ സുഹൃത്ത് കൈക്കലാക്കിയത്. വെർച്വൽ കോടതി തട്ടിപ്പിലെ ഇരയ്ക്ക് പണം നിക്ഷേപിക്കാനായി ജുനൈദിന്റെ പേരിലുള്ള അക്കൗണ്ട് നമ്പരാണ് തട്ടിപ്പുകാരൻ നൽകിയത്. പത്ത് ലക്ഷത്തോളം രൂപ നഷ്ടമായശേഷമാണ് സംഭവം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്. ട്രെയിൻമാർഗം ആലപ്പുഴയിലെത്തിയ കർണാടക പൊലീസ് ശനിയാഴ്ച രാവിലെ ജുനൈദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.