
കൊച്ചി: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം നടപ്പുവാരത്തിന്റെ തുടക്കത്തിൽ ഓഹരി വിപണിയിൽ ആവേശം സൃഷ്‌ടിച്ചേക്കും. ഗൗതം അദാനിക്കും ഏഴ് പേർക്കുമെതിരെ അമേരിക്കയിലെ ഓഹരി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കോർപ്പറേഷൻ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ വിപണി കാര്യമായ നേട്ടമുണ്ടാക്കിയിരുന്നില്ല. എന്നാൽ വെള്ളിയാഴ്‌ച വമ്പൻ മുന്നേറ്റത്തോടെയാണ് ഓഹരി വിപണി വ്യാപാരം പൂർത്തിയാക്കിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് വെള്ളിയാഴ്ച 1,961.32 പോയിന്റ് കുതിപ്പോടെ 79,117.11ൽ അവസാനിച്ചിരുന്നു. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന മുന്നേറ്റമാണ് വെള്ളിയാഴ്ച സൂചികയിലുണ്ടായത്. അതിന്റെ അനുരണനങ്ങൾ ഈ വാരവും വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിലെ ചലനങ്ങളും നിക്ഷേപകർ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ റഷ്യയ്ക്കെതിരെ ഉക്രെയിൻ ആക്രമണം ശക്തമാക്കിയാൽ വിപണി കടുത്ത സമ്മർദ്ദത്തിലാകും. വിദേശ നിക്ഷേപകർ വെള്ളിയാഴ്ച മികച്ച വാങ്ങൽ താത്‌പര്യം പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് തുടരുമോയെന്ന് സംശയമാണ്. അമേരിക്കയിലെ മികച്ച വളർച്ച സാദ്ധ്യതകളും ചൈനയിലെ സാമ്പത്തിക ഉണർവും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത പകർന്നേക്കും.
നിക്ഷേപകർ കാത്തിരിക്കുന്നത്
1. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ അമേരിക്കയിലെയും ഇന്ത്യയിലെയും മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച കണക്കുകൾ ഈ വാരമാണ് പുറത്തുവരുന്നത്.
2. റഷ്യയും ഉക്രെയിനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും ക്രൂഡോയിൽ വിപണിയിൽ സമ്മർദ്ദം സൃഷ്‌ടിക്കാനിടയുണ്ട്.
3. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതിനാൽ രൂപയുടെ റെക്കാഡ് മൂല്യയിടിവാണ് മറ്റൊരു വെല്ലുവിളി. ഇറക്കുമതി ചെലവ് കൂടുന്നതിനാൽ നാണയപ്പെരുപ്പം കൂടുമെന്ന ആശങ്ക ശക്തമാണ്.
4. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് വിപണിയുടെ ഗതിയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിദേശ പണം തിരിച്ചുവരാൻ തുടങ്ങിയാൽ വിപണി വീണ്ടും മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തും
വിദേശ ഫണ്ടുകൾ പിൻവലിച്ചത് 26,533 കോടി രൂപ
നടപ്പുമാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 26,533 കോടി രൂപ. ഒക്‌ടോബറിൽ വിദേശ നിക്ഷേപകർ 94,017 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതും ചൈനയിലെ മികച്ച സാദ്ധ്യതകളുമാണ് വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ കാരണമാകുന്നത്.