
ന്യൂഡൽഹി: ഉത്തർപ്രദേശിലെ തർക്കമന്ദിരമായ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ നടത്തിയ സർവേ, സംഘർഷത്തിൽ കലാശിച്ചു. തടിച്ചു കൂടിയ വൻ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്‌പിൽ നയീം, ബിലാൽ, നൗമാൻ എന്നിവർ കൊല്ലപ്പെട്ടു.. പൊലീസുകാരുൾപ്പെടെ 30ഓളം പേർക്ക് പരിക്കേറ്റു. വീടുകളുടെ മുകളിൽ നിന്ന് പൊലീസിനെ കല്ലെറിഞ്ഞ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അക്രമികൾക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സർവേയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും വെടിവയ്‌ക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ആയിരത്തോളം പേരാണ് തടിച്ചകൂടിയത്.
സംഭാൽ ജില്ലയിലെ ചന്ദൗസി പട്ടണത്തിലാണ് ഷാഹി ജുമാ മസ്ജിദ്. ദിവസങ്ങളായി ഇവിടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കോടതി നിയോഗിച്ച രമേഷ് രാഘവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഭിഭാഷക കമ്മിഷൻ രണ്ടാമത്തെ സർവ്വേയ്ക്ക് എത്തിയത്. ആദ്യ സർവ്വേ ഈ മാസം 19ന് നടന്നിരുന്നു. സംഭാൽ ജില്ലാകളക്ടർ ഡോ. രാജേന്ദ്ര പെൻസിയയുടെയും
പൊലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിലാണ് സർവേനടന്നത്. 29നകം റിപ്പോർട്ട് സമർപ്പിക്കണം.
സർവേ തുടങ്ങിയതോടെ ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞു. പൊലീസിന്റേതുൾപ്പെടെ പത്തിലേറെ വാഹനങ്ങൾ കത്തിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്‌ക്കുയും ചെയ്‌തു..
സർവേ പൂർത്തിയാക്കി സംഘം പുറത്തിറങ്ങിയപ്പോഴു അക്രമം തുടർന്നു. മൂന്ന് ദിശയിൽ നിന്നെത്തിയ ജനക്കൂട്ടം കല്ലെറിയുകയും വെടിവയ്‌ക്കുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ജനക്കൂട്ടത്തിന്റെ വെടിവയ്‌പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടതും പൊലീസുകാർക്കുൾപ്പെടെ പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. പൊലീസ് വെടിവയ്പ്പിലാണ് മൂന്നു പേർമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പള്ളിയെന്നും ക്ഷേത്രമെന്നും
മുഗൾ ചക്രവർത്തി ബാബർ 1526ൽ നിർമ്മിച്ചതാണ് ഷാഹി ജുമാ മസ്ജിദ്. അവിടെ ഉണ്ടായിരുന്ന ശ്രീ ഹരിഹർ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. ഒരു ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ എട്ട് പേർ സംഭാൽ സിവിൽ കോടതിയിൽ നൽകിയ ഹർജിയിൽ ജഡ്ജി ആദിത്യ സിങ് സർവേയ്‌ക്ക് ഈ മാസം 19നാണ് ഉത്തരവിട്ടത്. അന്നു തന്നെ തിടുക്കത്തിൽ ആദ്യസർവേ നടന്നത് ഒരു വിഭാഗത്തിൽ അമർഷം സൃഷ്‌ടിച്ചിരുന്നു. സർവേ വിഡിയോയിൽ പകർത്താനും കോടതി നിർദ്ദേശിച്ചിരുന്നു.
തിരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ യു. പിയിലെ ബി.ജെ.പി സർക്കാർ കലാപം നടത്തുകയാണ്
-അഖിലേഷ് യാദവ്
സമാജ്‌വാദി പാർട്ടി