p

തിരുവനന്തപുരം: പാലക്കാട്ടെ യു.ഡി.എഫിന്റെ ചരിത്ര വിജയം ന്യൂനപക്ഷ വർഗീയതയുടേതെന്ന് അധിക്ഷേപിച്ച് സി.പി.എം. വയനാട്ടിലെ

കനത്ത തിരിച്ചടിക്ക് സി.പി.എമ്മിനെ പഴിചാരി സി.പി.ഐ. ചേലക്കരയിലെ പരാജയത്തെ ചൊല്ലി കോൺഗ്രസിൽ ചേരിപ്പോര്.വിജയം സ്വപ്നം കണ്ട പാലക്കാട്ട് അടി പതറിയതിന്റെ പേരിൽ ബി.ജെ.പിയിൽ നേതൃത്വത്തിനെതിരെ കലാപക്കൊടി.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ ചൊല്ലി മുൻപൊരിക്കലും ഉണ്ടാകാത്ത വിവാദങ്ങളാണ് കേരള രാഷ്ട്രീയത്തിൽ അലയടിക്കുന്നത്.

പാലക്കാട്ട് തന്ത്രങ്ങൾ പാളിയതിന്റെ ജാള്യത മറയ്ക്കാനാണ് സി.പി.എം ശ്രമം. അവിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വമ്പിച്ച വി‌ജയം ജമാ അത്തെ ഇസ്ലാമിയുടെയും എസ്.ഡി.ഐയുടെയും വിജയമെന്ന നിലയിൽ അപകടകരമാണെന്ന് വ്യാഖ്യാനിക്കുകയാണ് സി.പി.എം നേതാക്കൾ. രാഹുലിന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ കോൺഗ്രസ് നേതൃത്വമോ, സ്ഥാനാർത്ഥിയോ തള്ളിപ്പറഞ്ഞില്ലെന്നതാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. പാലക്കാട്

മണ്ഡലത്തിലെ 45,000ത്തോളം വരുന്ന മുസ്ലീം വോട്ടർമാർ മുഴുവൻ വർഗീയ വാദത്തിന് പിന്തുണ നൽകുന്നവരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന വിമർശനം സി.പി.എമ്മിൽ ഉയരുന്നുമുണ്ട്.

സി.പി.എം നയം അപകടം?

ജമാ അത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ സ്വീകരിച്ചെന്ന് ആരോപിച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ അവരുടെ അനുയായിയായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെയും ചില സി.പി.എം നേതാക്കളുടെയും പ്രതികരണം മുസ്ലീം സമുദായത്തെ പാർട്ടിയിൽ നിന്ന് കൂടുതൽ അകറ്റുമെന്ന വിമർശനം സി.പി.എം.സമ്മേളനങ്ങളിൽ ഉയരുന്നുണ്ട്.

മുൾ മുനയിൽ ബി.ജെ.പി

കേരളത്തിൽ ബി.ജെ.പിക്ക് മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാട്ട് 2021നെ അപേക്ഷിച്ച് ഇത്തവണ 10,000ൽ അധികം വോട്ടുകൾ കുറഞ്ഞതും ഭരണം കൈയിലുള്ള പാലക്കാട് നഗരസഭയിൽ പോലും 4590 വോട്ടുകൾക്ക് പിന്നിലായതും പാർട്ടി സംസ്ഥാന നേതൃത്വത്തെ വിഷമസന്ധിയിലാക്കി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പി.കെ.കൃഷ്ണദാസ് പക്ഷം പരസ്യ വെല്ലുവിളി ഉയർത്തുമ്പോൾ, നേത‌ൃത്വത്തിന്റെ രക്ഷയ്ക്കെത്താതെ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ഒഴിഞ്ഞു മാറുന്നു.

ചേലക്കരയിൽ അന്വേഷണം

ചേലക്കര സീറ്റിൽ എൽ.ഡി.എഫ് 2021ൽ നേടിയ 39000 വോട്ടിന്റെ ഭൂരിപക്ഷം 12000 ആയി കുറഞ്ഞത് പരിശോധിക്കുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥി

രമ്യ ഹരിദാസിന്റെ തോൽവി അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും

പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ പുറന്തള്ളിയ രമ്യ ഹരിദാസിനെ

അവിടെ സ്ഥാനാർത്ഥിയാക്കിയതിന് യുക്തമായ ന്യായീകരണം അണികൾക്ക്നൽകാൻ നേതൃത്വത്തിന് കഴിയുന്നില്ല.

അതൃപ്തി തുറന്നടിച്ച് സി.പി.ഐ

വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ നേടിയ വോട്ടിൽ നിന്ന് 71000 വോട്ടാണ് സത്യൻ മൊകേരിക്ക് കുറഞ്ഞത്. മതിയായ പിന്തുണ സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും ഫണ്ടിന്റെ കുറവും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐയുടെ വിമർശനം. സി.പി.എം നേതാക്കളും

അണികളും പാർട്ടി സമ്മേളനങ്ങൾക്കാണ് ശ്രദ്ധ കൊടുത്തതെന്നാണ് ആക്ഷേപം.