മാറിനിൽക്കുന്നത് തത്കാലത്തേക്ക് മാത്രമെന്ന് സൈറ

എ.ആർ. റഹ്‌മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭാര്യ സൈറ ബാനു. റഹ്‌മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ബാനു ശബ്ദ സന്ദേശത്തിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് മുംബയിലേക്ക് മാറിയത്. ആരോഗ്യം മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് മടങ്ങും. ഒൗദ്യോഗികമായ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തന്റെ അനാരോഗ്യം കാരണമാണ് തൽക്കാലത്തേക്ക് മാറിനിൽക്കുന്നത്. റഹ്‌മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്‌മാനെയാണ്. റഹ്‌മാനെ മാധ്യമങ്ങൾ വെറുതേ വിടണമെന്ന് സൈറ ബാനു അഭ്യർത്ഥിച്ചു. മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറ ബാനുവിന്റെ അഭ്യർത്ഥന. സൈറ റഹ്‌മാൻ എന്ന പേരിലാണ് സന്ദേശം തുടങ്ങുന്നത്.
ഇരുവരും വേർപിരിയുന്നതായി ഇൗമാസം 19ന് സൈറ ബാനുവിന്റെ അഭിഭാഷ വന്ദന ഷാ വാർത്താക്കുറപ്പ് ഇറക്കിയിരുന്നു.തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ് ലോഡ് ചെയ്ത യുട്യൂബ് ചാനലുകൾക്ക് എ.ആർ. റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു.വീഡിയോകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് ആവശ്യം. വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടുമെന്നാണ് മുന്നറിയിപ്പ്.