ss

ക്രിസ്‌‌മസിന് മോഹൻലാലും സുരാജ് വെഞ്ഞാറമൂടും ഉണ്ണിമുകുന്ദനും ആഷിഖ് അബുവിന്റെ റൈഫിൾ ക്ളബും. ക്രിസ്‌‌മസ് ചിത്രങ്ങൾ ഡിസംബർ 19 മുതൽ റിലീസ് ചെയ്യും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്‌‌മസ് ദിനത്തിൽ റിലീസ് ചെയ്യും.

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണിവിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ളബ് 19ന് റിലീസ് ചെയ്യും.

വൻതാര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകനും നടനുമായ അനുരാരഗ് കശ്യപ് മലയാള അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായാണ് അഞ്ച് ഭാഷകളിൽ ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്യുക. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തിതരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ആണ് നിർമ്മാണം.

സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇ.ഡി (എക്സ്ട്ര ഡീസന്റ് )​20ന് തിയേറ്ററിൽ. ഡാർക് ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ് , റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന ആഷിഫ് കക്കോടി, മാജിക് ഫ്രെംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മാണം.

മോഹൻലാൽ സംവിധായകനാകുന്ന മെഗാ ബഡ്ജറ്റ് ത്രിഡി ചിത്രം ബറോസ് വിഷ്വൽ ട്രീറ്റ് ഉറപ്പ് നൽകുന്നു.

ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായാണ് ബറോസ് എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.

ഗുരുസോമസുന്ദരം, മോഹൻശർമ്മ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.