s

ചെന്നൈ: വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ അപവാദപ്രചരണം നടത്തിയവർക്കെതിരെ എ.ആർ റഹ്മാൻ നിയമനടപടി സ്വീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി റഹ്മാന്റെ ഭാര്യ സൈറ ബാനു രംഗത്ത്. റഹ്മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞ സൈറ,​ അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിച്ചു.

'ഞാൻ സൈറാ ബാനുവാണ്. ഇപ്പോൾ മുംബയിലാണ്. രണ്ടു മാസങ്ങളായി ഇവിടെയാണ്. ദയവ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ

അദ്ദേഹത്തിനെതിരേ വ്യാജപ്രചരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു. ഈ ലോകത്ത് ഞാൻ കണ്ടതിൽ ഏറ്റവും മല്ല മനുഷ്യനാണ് അദ്ദേഹം. എന്തുകൊണ്ട് സൈറ ചെന്നൈയിൽ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണ്. എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങൾ സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു പരത്തരുത്'- സൈറ പറയുന്നു.

അഭ്യൂഹങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സൈറയുടെ അഭിഭാഷക വന്ദന ഷായും രംഗത്തെത്തിയിരുന്നു. അവരുടെ സ്വകാര്യമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇരുവരുടെയും മക്കളും പ്രതികരിച്ചു. വന്ദനാ ഷായാണ്

പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവിടുന്നത്.

'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ പ്രതികരണം. അതിനുശേഷം ഇപ്പോഴാണ് സൈറ പ്രതികരിക്കുന്നത്.