
പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 7 വിക്കറ്റ് കൂടി മതി
യശ്വസിയ്ക്കും വിരാടിനും സെഞ്ച്വറി
പെർത്ത്: യുവ സെൻസേഷൻ യശ്വസി ജയ്‌സ്വാളും കിംഗ് വിരാട് കൊഹ്‌ലിയും സെഞ്ച്വറിയുമായി നിറഞ്ഞാടിയ പെർത്ത് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 534 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 12/3 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലാക്കി ജസ്പ്രീത് ബുംറയും സിറാജും. 7 വിക്കറ്റും 2 ദിവസവും ശേഷിക്കെ ഓസീസിന് ജയിക്കാൻ 522 റൺസ് കൂടിവേണം. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഇന്ന് തന്നെ ജയമുറപ്പിക്കാം.
യശ്വസോടെ വീരാട്ടം
172/0 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ യശ്വസി ജയ്‌സ്വാളിന്റെയും (161), വിരാട് കൊഹ്‌ലിയുടേയും (പുറത്താകാതെ 100) സെഞ്ച്വറിയുടേയും പിൻബലത്തിൽ 134.3 ഓവറിൽ 487/6എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിന് ക്ഷണിക്കുകയായിരുന്നു.കൊഹ്‌ലി സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ക്യാപ്ടൻ ബുംറ ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തത്.
രാവിലെ ഒന്നാം ഇന്നിഗ്‌സ് പുനരാരംഭിച്ച യശ്വസിയും കെ.എൽ രാഹുലും ചേർന്ന് (77) ഇന്ത്യയെ 200 കടത്തി. ഇതിനിടെ ഓസ്ട്രേലിയൻ മണ്ണിൽ യശ്വിസി തന്റെ ആദ്യ സെഞ്ച്വറിയും തികച്ചു. ജോഷ് ഹാസൽവുഡ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ 62-ാം ഓവറിലെ അഞ്ചാം പന്തിൽ ജോഷ് ഹാസൽവുഡിനെ അപ്പർകട്ടിലൂടെ ഫൈൻലിഗിലൂടെ സിക്സ് പറത്തിയാണ് ജയ്സ്വാൾ സെഞ്ച്വറി തികച്ചത്. ടീം സ്കോർ 201ൽ എത്തിയപ്പോൾ രാഹുലിനെ വിക്കറ്റ് കീപ്പർ അലക്സ് കാരെയുടെ കൈയിൽ എത്തിച്ച് സ്റ്റാർക്കാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കലിനൊപ്പം (25) യശ്വസി 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ദേവ്ദത്തിനെ സ്മിത്തിന്റെ കൈയിൽ എത്തിച്ച് ഹാസൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. ടീം സ്കോർ 300 കടന്നതിന് പിന്നാലെ 150ഉം കടന്ന് മുന്നോട്ട് പോവുകയായിരുന്ന യശ്വസിയെ മിച്ചൽമാർഷ് പുറത്താക്കി. സ്മിത്താണ് ക്യാച്ചെടുത്തത്. 297 പന്ത് നേരിട്ട് 15 ഫോറും 3സിക്ലും ഉൾപ്പെട്ടതാണ് യശ്വസിയുടെ ഇന്നിംഗ്സ്. റിഷഭ് പന്ത് (1), ധ്രുവ് ജൂറൽ (1) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദറും (29), നിതീഷ് കുമാർ റെഡ്ഡിയും( പുറത്താകാതെ 27 പന്തിൽ 38) കൊഹ്ലിക്ക് മികച്ച പിന്തുണ നൽകി. 143 പന്ത് നേരിട്ട് 8 ഫോറും 2 സിക്സും ഉൾപ്പെടെയാണ് കൊഹ്ലി സെഞ്ച്വറി തികച്ചത്. ഓസീസിനായി നാഥാൻ ലയൺ 2 വിക്കറ്റ് വീഴ്ത്തി.
തീയുണ്ടയേറ്
ഇന്ത്യ ഉയർത്തിയ വൻ വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് ഓപ്പണർ നാഥാൻ മക്‌സ്വീനയെ (0) ആദ്യ ഓവിലെ നാലാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ആതിഥേയരെ ഞെട്ടിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ ക്യാപ്ടൻ പാറ്റ് കമ്മിൻസിനെ സിറാജിന്റെ പന്തിൽ സ്ലിപ്പിൽ കൊഹ്‌ലി മനോഹരമായ ക്യാച്ചിലൂടെ മടക്കി. പകരമെത്തിയ ലെബുഷെയ്‌നെയും (3) ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു, ലെബുഷെയ്ൻ പുറത്തായതിന് പിന്നാലെ അമ്പയർമാർ ഇന്നലത്തെ മത്സരം അവസാനിപ്പിച്ചു.