e

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചലനങ്ങളുണ്ടാകുന്നതാണ് മഹാരാഷ്ട്രയിൽ പ്രതിപക്ഷ മഹാവികാസ് അഘാഡിയെ തച്ചുതകർത്ത ബി.ജെ.പി സഖ്യം മഹായുതിയുടെ വിജയം. 60 വർഷത്തിനിടെ ആദ്യമായാണ്
പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര നിയമസഭ വരുന്നത്.സഭയിലെ മൊത്തം അംഗസംഖ്യയുടെ പത്ത് ശതമാനം അംഗങ്ങളുള്ള പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനെ കിട്ടുന്നത്. 288 അംഗങ്ങളുള്ള മഹാരാഷ്ടനിയമസഭയിൽ അതിന് ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് 29സീറ്റ് വേണം. മഹാവികാസ് അഘാഡി സഖ്യകക്ഷികളായ കോൺഗ്രസിനോ (16), പവാർ എൻ. സി. പിക്കോ ( 10), ഉദ്ധവ് ശിവസേനയ്ക്കോ920) അത്രയും അംഗബലം ഇല്ല. മൂന്ന് പാർട്ടികളുടെയും മൊത്തം അംഗബലത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം നൽകാൻ നിയമം അനുവദിക്കുന്നില്ല. സ്പീക്കറാണ് തീരുമാനം എടുക്കേണ്ടത്

കഴിഞ്ഞ പതിനാറാം ലോക്സഭയിലും സമാന അവസ്ഥയിൽ പ്രതിപക്ഷനേതാവ് ഇല്ലായിരുന്നു. നിലവിൽ ആന്ധ്ര, അരുണാചൽപ്രദേശ്, ഗുജറാത്ത്, മണിപ്പൂർ,നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളിലും ഒരു പ്രതിപക്ഷപാർട്ടിക്കും സഭയുടെ പത്ത് ശതമാനം അംഗബലം ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാവില്ല.

എക്‌സിറ്റ് പോളുകൾ മുൻതൂക്കം പ്രവചിച്ചെങ്കിലും അതിനുമപ്പുറം കടന്നാണ് മഹാരാഷ്ട്ര മഹായുതി തൂത്തുവാരിയത്. ആ തേരോട്ടത്തിൽ ആറു മാസം മുൻപ് നടന്ന ലോക‌്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ ശ്രമിച്ച കോൺഗ്രസും 'ഇന്ത്യ' സഖ്യത്തെ പ്രതിനിധീകരിച്ച മഹാവികാസ് അഘാഡിയും തകർന്നടിഞ്ഞു.

ലോക്‌സഭാ തിരിച്ചടിയിൽ പാഠമുൾക്കൊണ്ട മഹായുതി ഏറെ ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നത് വ്യക്തം. ഏകനാഥ് ഷിൻഡെ സർക്കാർ ബഡ്‌ജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. 'മുഖ്യമന്ത്രി - മേരി ലാഡ്‌ലി ബെഹൻ യോജന'യിലെ 1500 രൂപ 2000 ആയി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം സ്‌ത്രീകളെ ആകർഷിച്ചു. ഇതിനെ ചെറുക്കാൻ മഹാവികാസ് അഘാഡി മാസം 3000 രൂപ വാഗ്‌ദാനം ചെയ്‌തെങ്കിലും ഫലിച്ചില്ല

വീണുപോയ ഉദ്ധവും പവാറും

മറാത്ത -ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന ശിവസേനയുടെ നയത്തിൽ നിന്ന് വ്യതിചലിച്ചതാണ് ഉദ്ധവ് താക്കറെ പക്ഷത്തിനു തിരിച്ചടിയായത്. ബാൽ താക്കറെയുടെ ആശയാദർശങ്ങൾ ഉയർത്തിക്കാട്ടാൻ ഉദ്ധവ് പക്ഷത്തിനു കഴിയാതെയായി. ഏക് നാഥ് ഷിൻഡേയാകട്ടെ ബാൽ താക്കറെയുടെ സിദ്ധാന്തങ്ങൾ മുറുകെ പിടിച്ച് പാർട്ടിയെ വരുതിയിലാക്കി. വികസന പ്രവർത്തനങ്ങൾ വാശിയോടെ നടപ്പാക്കി.

ലോക് സഭയിൽ മിന്നുന്ന വിജയംനേടിയ ശരദ് പവാർ പക്ഷ എൻ.സി.പിക്കും കണക്കു കൂട്ടൽ പിഴച്ചു. പവാറിന്റെ രാഷ്ട്രീയ പടിയിറക്കമാവും ഈ പരാജയം. ശരദ്പവാറിന്റെ പൈതൃകം അജിത് പവാർ ഏറ്റെടുക്കുകയാണ്.