
ബാകു: ഐക്യരാഷ്‌ട്ര സംഘടനയുടെ (യു.എൻ) 'കോപ് 29" കാലാവസ്ഥാ ഉച്ചകോടിയിൽ പാസാക്കിയ സാമ്പത്തിക പാക്കേജിനോട് ശക്തമായ എതിർപ്പുമായി ഇന്ത്യ. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കായി സമ്പന്ന രാജ്യങ്ങൾ 2035 ഓടെ പ്രതിവർഷം 30,000 കോടി ഡോളർ ധനസഹായം നൽകുന്നതാണ് പാക്കേജ്. എന്നാൽ പ്രതിസന്ധികൾ നേരിടാൻ തുക പര്യാപ്തമല്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രതിവർഷം ചുരുങ്ങിയത് 1,30,000 കോടി ഡോളർ വേണമെന്നാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യം. 11ന് അസർബൈജാനിലെ ബാകുവിൽ തുടങ്ങിയ ഉച്ചകോടി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ധനസഹായ ചർച്ചകളെ തുടർന്ന് മുപ്പത് മണിക്കൂറിലേറെ നീണ്ടു. അന്തിമ കരാറിനോടുള്ള നിരാശ ഇന്ത്യ പരസ്യമായി ഉന്നയിച്ചു.
കരാർ അംഗീകരിക്കുന്നതിന് മുമ്പ് തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ഇന്ത്യൻ പ്രതിനിധി ചാന്ദ്‌നി റെയ്‌ന പറഞ്ഞു. പ്രക്രിയകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നും ആരോപിച്ചു. നൈജീരിയ, മലാവി, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. വികസിത രാജ്യങ്ങൾ അവരുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, 2035ഓടെ 1,30,000 കോടി ഡോളർ എന്ന ലക്ഷ്യത്തിൽ എത്താൻ എല്ലാവരും ശ്രമിക്കണമെന്നാണ് സമ്പന്ന രാജ്യങ്ങളുടെ പക്ഷം.