d

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ക്രിക്കറ്ര് ലീഗ് (ഐ.പി.എൽ) മെഗാ താരലേലത്തിൽ സൂപ്പർ താരങ്ങളായി റിഷഭ് പന്തും ശ്രേയസ് അയ്യരും. 27 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന റിഷഭ് പന്തിനെ ലക്‌നൗ സൂപ്പർ ജയിന്റ്‌സ് സ്വന്തമാക്കി. ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കിയ ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി.

ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്കും ബമ്പറടിച്ചു. 23.75 കോടിക്ക് കൊൽക്കത്ത വീണ്ടും ടീമിലെത്തിച്ചു. പേസർ അർഷ്‌ദീപിനെ 18 കോടിക്ക് പഞ്ചാബ് നിലനിറുത്തി. ഇതേ തുകയ്ക്ക് സ്പിന്ന‌ർ യൂസ്‌വേന്ദ്ര ചഹലിനെയും പഞ്ചാബ് ടീമിലെത്തിച്ചു. കെ.എൽ.രാഹുലിനെ 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസും ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറിനെ 15.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി.

റിഷഭ് പന്തിനെ നിലനിറുത്താൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിച്ചെങ്കിലും 7 കോടിയോളം കൂട്ടി വിളിച്ചാണ് സഞ്ജീവ് ഗോയങ്കയുടെ നേതൃത്വത്തിലുള്ള ലക്‌നൗ ടീമിലെത്തിച്ചത്. ശ്രേയസിനായും ഡൽഹി അവസാനം വരെ രംഗത്തുണ്ടായിരുന്നു. ജിദ്ദയിൽ ഇന്നലെ തുടങ്ങിയ ലേലം ഇന്നും തുടരും. അടുത്ത ഐ.പി.എൽ സീസണ് വേണ്ടിയാണ് ലേലം.