ashtamudi

വേമ്പനാട്ടു കായൽ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കായൽ 6424 ഹെക്ടർ വിസ്തീർണമുള്ള അഷ്ടമുടിക്കായലാണ് (വേമ്പനാട്ടു കായലിന്റെ വിസ്തൃതി 13587 ഹെക്ടർ)​. ഈ രണ്ട് കായലുകളും ചെന്നെത്തുന്നത് അറബിക്കടലിലാണ്. അടുത്ത കാലത്ത് അഷ്ടമുടിക്കായലിൽ മീനുകൾ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. കേരളത്തിൽ ഉൾനാടൻ മത്സ്യങ്ങൾ വളരുന്ന ഈ രണ്ടു കായലുകളിലും മത്സ്യസമ്പത്ത് കുറയുന്നതായി കുഫോസും (മത്സ്യപഠന സർവ്വകലാശാല)​ മറ്റ് ഗവേഷണ ഏജൻസികളും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൈയേറ്റവും,​ ചെളിയും മാലിന്യവും അടിഞ്ഞുകൂടിയതുകൊണ്ടും രണ്ടു കായലുകളുടെയും ആഴവും കുറഞ്ഞിട്ടുണ്ട്.

മത്സ്യസമ്പത്തിനേക്കാൾ,​ സർക്കാരിനും വ്യവസായികൾക്കും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് വരുമാനം കൂടുതൽ ലഭിക്കുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലിനീകരണ വിഷയം പൊതുസമൂഹവും സർക്കാരും അടുത്ത കാലംവരെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ,ആലപ്പുഴ, കോട്ടയം ജില്ലകളിലായി കിടക്കുന്ന വേമ്പനാടു കായലിനെ രക്ഷപ്പെടുത്താൻ പരിസ്ഥിതി പ്രവർത്തകരും ഉൾനാടൻ മത്സ്യത്തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി പഠനങ്ങൾ നടത്തുന്നതിനും,​ ആഴം കൂട്ടി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതികൾക്കും അനുമതി ലഭിച്ചുകഴിഞ്ഞു.

അതേസമയം,​ അഷ്ടമുടിക്കായലിന്റെ കാര്യത്തിൽ,​ ആരുംതന്നെ അവിടുത്തെ പ്രശ്നങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിക്കുന്നില്ല എന്നതിനു തെളിവാണ്,​ ഏറ്റവും ഒടുവിൽ റിപ്പോർട്ടു ചെയ്ത മത്സ്യങ്ങളുടെ ചത്തുപൊങ്ങൽ. നഗരമദ്ധ്യത്തിലുള്ള ആശ്രാമം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരം തുടങ്ങിയ ഭാഗങ്ങളിൽ കാണുന്ന മാലിന്യക്കൂമ്പാര കാഴ്ചകൾ നഗരസഭയുടെയും, ഇറിഗേഷൻ വകുപ്പുകളുടെയും നിരുത്തരവാദിത്വത്തിന്റെ നേർക്കാഴ്ചകളാണ്. ടൂറിസം വികസിപ്പിക്കുന്നതിനുള്ള ഭാവനാപൂർണവും യാഥാർത്ഥ്യബോധത്തോടു കൂടിയുള്ളതുമായ പദ്ധതികളെ ആരും അനുകൂലിക്കുകയേയുള്ളൂ. പക്ഷേ,​ അതിന്റെ പേരിൽ കായലോരങ്ങളിൽ കരിങ്കല്ലുകൾ അടുക്കി നടപ്പാതകൾ സൃഷ്ടിക്കുമ്പോൾ കായലിനു താഴെ കൂടിക്കിടക്കുന്ന ചെളിയും മാലിന്യങ്ങളും കാണാതെ പോവുകയാണ്.

ഒഴുക്കുവെള്ളം

കുറയുമ്പോൾ

വേമ്പനാടു കായലിനെയും തൊട്ടടുത്തു കിടക്കുന്ന കായംകുളം കായലിനെയും അപേക്ഷിച്ച് അനേകം പഞ്ചായത്തുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അഷ്ടമുടിക്കായൽ. മാത്രമല്ല,​ കിഴക്കേയറ്റം വരെ ലവണാംശമുള്ള ജലവുമാണ്. വേമ്പനാട് കായലിലേക്ക് സുലഭമായി വെള്ളമെത്തുന്നത് പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചൽ ആറുകളിൽ നിന്നായതുകൊണ്ട് കടലിലേക്ക് നല്ല ഒഴുക്കുമുണ്ട്. എന്നാൽ,​ അഷ്ടമുടിക്കായലിലേക്ക് ആകെ ഒഴുകിയെത്തുന്നത് കല്ലടയാറിൽ നിന്ന് കൃഷിക്കായി രണ്ടായി തിരിച്ചുവിടുന്നതിൽ ഒരു ചെറുഭാഗം മാത്രമാണ്. കിഴക്കുനിന്ന് ഒഴുക്കില്ലാത്തതിനാൽ നീണ്ടകരയിൽ നിന്ന് കയറുന്ന കടൽവെള്ളം ഇപ്പോൾ കല്ലട വരെ എത്തിക്കഴിഞ്ഞു. വേമ്പനാട്, കായംകുളം കായലുകളിലും ചേർന്നുള്ള തോടുകളിലും ഉള്ളതുപോലെ പായലുകൾ അഷ്ടമുടിക്കായലിനോടു ചേർന്നുള്ള തോടുകളിൽ ഇല്ല.

കക്ക വളർത്തലിന് അനുകൂലമായ വെള്ളമാണ് ഇവിടുത്തേത്. പക്ഷേ,​ ഇപ്പോൾ ഉണ്ടായിരിക്കുന്ന 'ആൽഗേ ബൂമിംഗ്" അതിനെയും ബാധിക്കുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. കെ.കെ. അപ്പുക്കുട്ടൻ പറയുന്നു. ഡോ. കെ.ജി. പദ്മകുമാറിന്റെ മേൽനോട്ടത്തിലുള്ള പരിശോധനകളിലും കുഫോസിലെ വിദഗ്ദ്ധർ നടത്തിയ പരിശോധനയിലും 'ആൽഗേ ബൂമിംഗ്" കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിന് ക്ഷാര സ്വഭാവം കൂടുതലാണ്. എന്നാൽ ഓക്സിജന്റെ അളവിന് കുറവുമില്ല. ആൽഗേകളുടെ സാന്നിദ്ധ്യം മത്സ്യസമ്പത്തിനു മാത്രമല്ല,​ മനുഷ്യന്റെ കരളിനെയും ബാധിക്കുമെന്ന് വിദേശങ്ങളിലെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതായി ഡോ. കെ.ജി. പദ്മകുമാർ പറയുന്നു.

അലംഭാവവും

ആഴംകൂട്ടലും

അഷ്ടമുടിക്കായലിനെ സംരക്ഷിക്കാൻ കായലിന്റെ ആഴം കൂട്ടലല്ല,​ മറിച്ച് കായലിലേക്ക് മാലിന്യങ്ങൾ എത്താതിരിക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. അഷ്ടമുടിക്കായലിലെ, കരിമീനുകളും കക്ക ഇറച്ചിയും ലോകപ്രസിദ്ധമാണ്. ഫിഷറീസ് വകുപ്പ് താത്പര്യമുള്ളവരെ കണ്ടെത്തി,​ കൂടുകൃഷി നടത്തി മത്സ്യോത്പാദനം നടത്തുന്നുണ്ടായിരുന്നു. മൺട്രോതുരുത്തിൽ നടത്തിയിരുന്ന ചെമ്മീൻ കൃഷിയും ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ചകിരി കഴുകുന്നതും,​ ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നും വീടുകളിൽ നിന്നുമൊക്കെ പൊതു ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും നിയന്ത്രിക്കുന്നതിന് നിരന്തര ജാഗ്രത പുലർത്തേണ്ടത് തദ്ദേശ വകുപ്പാണ്. പഠനങ്ങൾ നടത്തി റിപ്പോർട്ടായി സൂക്ഷിക്കാതെ,​നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. വിനോദസഞ്ചാരം മാത്രമല്ല,​ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും തുല്യ പ്രാധാന്യമർഹിക്കുന്നുണ്ട്.

(ലേഖകന്റെ മൊബൈൽ: 94470 57788)​