
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഇന്ത്യൻ നേതാക്കൾക്ക് പങ്കുണ്ടെന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മാദ്ധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് പറഞ്ഞ ട്രൂഡോ റിപ്പോർട്ടിന് പിന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരെ 'ക്രിമിനലുകൾ" എന്ന് വിശേഷിപ്പിച്ചു.
കനേഡിയൻ ദിനപത്രം പുറത്തുവിട്ട റിപ്പോർട്ടിലാണ് നിജ്ജർ വധത്തിൽ മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് പങ്കുണ്ടെന്ന് ആരോപിച്ചത്. പേരു വെളിപ്പെടുത്താത്ത കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് കനേഡിയൻ സർക്കാർ തന്നെ നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ ഇന്ത്യ അതിശക്തമായി പ്രതികരിച്ചിരുന്നു.