
കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവ് ശക്തമായതോടെ ആഡംബര വാഹനങ്ങളുടെ വില വർദ്ധനയ്ക്ക് അരങ്ങൊരുങ്ങുന്നു. ആഡംബര കാർ വാഹന നിർമ്മാണ കമ്പനിയായ ബി.എം.ഡബ്ള്യുവിന്റെ എല്ലാ മോഡലിലുമുള്ള വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ മൂന്ന് ശതമാനം ഉയരും. ജനുവരി മുതൽ പുതിയ വില നിലവിൽ വരുമെന്ന് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ള്യു വക്താവ് അറിയിച്ചു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഗ്രാൻഡ് കൂപ്പെ ഉൾപ്പെടെ എക്സ് 1, എക്സ് 3, എക്സ് 3, എക്സ് 5 തുടങ്ങിയ എല്ലാ മോഡലുകളുടെയും വില ഉയരും.
അത്യാഡംബര കാർ വിപണിയിലെ പ്രമുഖരായ മെഴ്സിഡസ് ബെൻസിന്റെ വിവിധ മോഡലുകളുടെ വില അടുത്ത വർഷം ജനുവരി ഒന്നിന് മൂന്ന് ശതമാനം കൂടുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. ബെൻസ് ജി.എൽ.സിയുടെ വിലയിൽ രണ്ട് ലക്ഷം രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സന്തോഷ് അയ്യർ പറഞ്ഞു. മേഴ്സിഡസ് മേബാക്ക് എസ്. 680 ലക്ഷ്വറി ലിമോസിന്റെ വിലയിൽ ഒൻപത് ലക്ഷം രൂപയുടെ വർദ്ധനയുണ്ടാകും. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും നാണയപ്പെരുപ്പവും ഉയർന്ന പ്രവർത്തന ചെലവും കണക്കിലെടുത്താണ് തീരുമാനമെന്ന് സന്തോഷ് അയ്യർ പറഞ്ഞു.