
ജർമനിയിലെ പ്രശസ്തമായ കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്ത ആൾ ഇപ്പോൾ ബംഗളൂരുവിൽ യാചകനായി കഴിയുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ശരത് യുവരാജ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജർമനിയിൽ നിന്ന് പഠനം പൂർത്തിയാക്കി വമ്പൻ ടെക് കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്ത യുവാവ് കാമുകിയുടെ വേർപാടും മാതാപിതാക്കളുടെ മരണവുമാണ് തന്നെ ഈ രീതിയിൽ എത്തിച്ചതെന്ന് പറയുന്നുണ്ട്. വീഡിയോയിലുടനീളം ശാസ്ത്രത്തെയും ശാസ്ത്ര പുസ്തകങ്ങളെക്കുറിച്ചുമെല്ലാമാണ് യാചകൻ സംസാരിക്കുന്നത്. താൻ ഒരു എൻജിനിയർ ആയിരുന്നുവെന്നും മെൻഡ് ട്രീ, ഗ്ലോബൽ വിലേജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും യുവാവ് സ്വയം പരിചയപ്പെടുത്തുന്നു. ചുവന്ന മുഷിഞ്ഞ ഷർട്ടും ജീൻസുമാണ് അയാൾ ധരിച്ചിരിക്കുന്നത്.
ജോലിക്ക് പോകാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം അസ്വസ്ഥതയോടെ ഇതാണ് സ്ഥലം ഇതാണ് സാന്നിദ്ധ്യം എന്നാണ് മറുപടി പറയുന്നത്. ആൽബർട്ട് ഐൻസ്റ്റീനെ കുറിച്ചും ആപേക്ഷിക സിദ്ധാന്തത്തെക്കുറിച്ചമെല്ലാം അയാൾ സംസാരിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും പറയുന്നതിന്റെ തുടർച്ച കണ്ടെത്താൻ അദ്ദേഹം പ്രയാസപ്പെടുന്നു. ഇതിനോടകം തന്നെ വീഡിയോ നിരവധി പേരാണ് കണ്ടത്. ഈ യാചകന് വേണ്ടി നിരവധി എൻജിഒകളോട് സംസാരിച്ചിണ്ടെന്നും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ശരത് വീഡിയോയിൽ പറയുന്നു.