
തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. സിഐ, എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്നലെ രാത്രി പാർട്ടി നടത്തിയിരുന്നു.
പിറന്നാൾ പാർട്ടി പൊലീസ് കഴിഞ്ഞ ദിവസം തന്നെ വിലക്കിയതായിരുന്നു. പിന്നാലെ പിറന്നാൾ ആഘോഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കരമനയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി കരമന പൊലീസ്. തളിയിൽ സ്വദേശികളായ വിഷ്ണുരാജ്, വിജയരാജ് എന്നിവരാണ് ഒളിവിലുള്ളത്. മറ്റൊരു പ്രതി പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ ബിനിൽ കുമാർ, സി.പി.ഒ ശരത്, ഹോംഗാർഡ് ചന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
ബിനിൽ കുമാറിന്റെ കൈക്ക് ചതവുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതികളിൽ ഒരാളായ സൂരജിന്റെ വീട്ടിൽ പ്രതികൾ ലഹരിപാർട്ടി നടത്തി. വാളും കത്തിയും മറ്റ് മാരകായുധങ്ങളുമായാണ് ഇവർ ഒത്തുകൂടിയത്. മദ്യപാനവും ലഹരി ഉപയോഗവും അമിതമായതോടെ ഇവർ ബഹളം വയ്ക്കുകയും പരസ്പരം കലഹിക്കുകയും ചെയ്തു. ഇത് സഹികെട്ട സൂരജിന്റെ അമ്മ പൊലീസിൽ നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.
പൊലീസിനെ കണ്ട വിഷ്ണുരാജും വിജയരാജും ഓടി രക്ഷപെട്ടു. സൂരജിനെ പിടികൂടാൻ ശ്രമിക്കവെ ഗ്രേഡ് എസ്.ഐ ബിനിൽ കുമാറിനെ സൂരജ് ആക്രമിച്ചു. ഈ സമയം വിഷ്ണുരാജും വിജയരാജും തിരിച്ചെത്തി ശരത്തിനെയും ചന്ദ്രകുമാറിനെയും മർദ്ദിച്ചു. അപ്രതീക്ഷിതമായി ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ടുള്ള ആക്രമണമായിരുന്നതിനാൽ പൊലീസിന് ആക്രമണം ചെറുക്കാൻ കഴിഞ്ഞില്ല. ഒളിവിൽപോയ പ്രതികൾ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.