
മാള : പച്ചക്കറിക്കൃഷി ഹരമാക്കിയ ചന്ദ്രന്റെ തോട്ടത്തിൽ വിളയുന്നത് 25 ഓളം വൈവിദ്ധ്യമാർന്ന പച്ചക്കറി ഇനങ്ങൾ. 15-ാം വയസിൽ അച്ഛനോടൊപ്പമാണ് കോൾക്കുന്ന് കൈലാൻ വീട്ടിൽ കെ.കെ. ചന്ദ്രൻ (61) കാർഷിക രംഗത്തേക്കിറങ്ങുന്നത്. 47 സെന്റിലെ സ്വന്തം ഭൂമിയിലും 15 ഏക്കർ ഭൂമി പാട്ടത്തിനെടുത്തും മണ്ണിൽ പൊന്ന് വിളയിക്കുകയാണ് ചന്ദ്രൻ. 30 വർഷമായി കൃഷിയെ ജീവനോപാധിയായി സ്വീകരിച്ച് മുന്നോട്ടുപോകുന്ന ചന്ദ്രൻ വർഷത്തിൽ 30 ഓളം പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്ന അപൂർവ കർഷകനാണ്.
ആദ്യകാലങ്ങളിൽ പരമ്പരാഗത രീതിയിൽ നിലം മാടുകളെ ഉപയോഗിച്ച് ഉഴുതുമറിച്ചായിരുന്നു ചന്ദ്രൻ കൃഷിപ്പണി ആരംഭിച്ചിരുന്നത്. ഇപ്പോൾ ആധുനിക കാർഷിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നു. ചാണകവും കോഴിക്കാഷ്ടവും സ്റ്റോക്ക് ചെയ്ത് ജൈവവളമാക്കി ഉപയോഗിക്കുന്നു. ശാസ്ത്രീയമായ രീതിയിൽ മണ്ണ് പരിശോധന നടത്തി കാർഷിക ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചാണ് കൃഷി ചെയ്യുന്നത്. കൃഷിയിൽ 90% പ്രിസിഷൻ ഫാമിംഗ് രീതിയിലും ബാക്കിയുള്ള കൃഷി പരമ്പരാഗത രീതിയിലുമാണ്. മാള കോൾക്കുന്ന് ഹരിതസംഘം എ ഗ്രേഡ് ക്ലസ്റ്ററിന്റെ മുഖ്യഭാരവാഹിയും മാള ബ്ലോക്ക് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രസിഡന്റുമാണ് ചന്ദ്രൻ. കൃഷിയ്ക്ക് പുറമെ ചന്ദ്രന് മൃഗപരിപാലനവുമുണ്ട്. വീട്ടാവശ്യത്തിനും കാർഷിക ആവശ്യത്തിനുമായി രണ്ടു പശുക്കളെയും ഇരുപതോളം കോഴികളെയും വളർത്തുന്നുണ്ട്. അമ്മ: കാർത്ത്യായനി. ഭാര്യ: അംബിക. മക്കൾ : കിരൺ (ഹംഗറി), ശരത് (ബിസിനസ്).
പൊടിച്ചേമ്പ് മുതൽ കക്കിരി കപ്പ വരെ
വെണ്ട, മത്തങ്ങ, പയർ, ചീര, മുളക്, കാബേജ്, വയലറ്റ് കാബേജ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചൈനീസ് കാബേജ്, ബ്രോക്കോളി കോളിഫ്‌ളവർ, ഇഞ്ചി, പലതരം പച്ചമുളകുകൾ, കക്കിരി കപ്പ, ചേമ്പ്, ചേന, വെള്ളരി, തണ്ണിമത്തൻ, പൊട്ടുവെള്ളരി, മഞ്ഞൾ, അമര, പയർ, ചീര എന്നിവയും അന്യം നിന്നുപോയ പൊടിച്ചേമ്പ്, മധുരച്ചേമ്പ്, ചെറുകിഴങ്ങ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. പപ്പായയും ചെണ്ടുമല്ലിയും വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.