jaisy

കൊച്ചി: കളമശേരിയിൽ കൂനംതൈയിലെ അപ്പാർട്ടുമെന്റിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന സ്‌ത്രീയുടെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിൽ. കാക്കനാട് സ്വദേശി ഇൻഫോപാർക്കിൽ ജീവനക്കാരനുമായ ഗിരീഷ്‌ബാബു, സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായത്.

പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാം(55) ആണ് നവംബർ 17ന് കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ പരിചയക്കാരനായിരുന്നു ഗിരീഷ്. ജെയ്‌‌സിയുടെ സ്വർണവും പണവും മോഷ്‌ടിക്കുന്നതിനായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു. കൊല ആസൂത്രണം ചെയ്‌തത് ഖദീജയുടെ വീട്ടിൽവച്ചായതിനാലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

പണവും സ്വർണവും ജെയ്‌സിയുടെ പക്കൽ ഉണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ഇയാൾ അപ്പാർട്ട്മെന്റിൽ എത്തിയത്. ഹെൽമറ്റ് ധരിച്ച് ബാ‌ഗുമായി അപ്പാർട്ട്മെന്റിൽ ഗിരീഷ് എത്തുന്നതിന്റെയും തിരികെ വസ്‌ത്രം മാറി ഹെൽമറ്റ് ധരിച്ച് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾപൊലീസിന് ലഭിച്ചിരുന്നു. അപ്പാർട്ടുമെന്റിലെ ഈ ദൃശ്യങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്.

ജെയ്സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവദിവസം പൊലീസ് പറഞ്ഞിരുന്നു. ബാഗിൽ ഡംബലുമായാണ് ഗിരീഷ് വന്നത്. ഡംബൽ കൊണ്ട് തലയ്‌ക്കടിച്ചാണ് ജെയ്‌സിയെ കൊലപ്പെടുത്തിയത്. രണ്ട് പവൻ ആഭരണവും മൊബൈലും തട്ടിയെടുക്കാനാണ് കൊല നടത്തിയത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും സ്ഥലത്ത് നിന്നും കാണാതായിരുന്നു. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാൾ തിരികെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്പോഴും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്. പെരുമ്പാവൂർ സ്വദേശിയാണ് ജെയ്‌സിയുടെ ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്‌സി അകന്നാണ് കഴിയുന്നത്. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ കാനഡയിലുള്ള ജെയ്‌സിയുടെ മകൾ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജെയ്‌‌സിയുടെ മകൾ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.