
പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ മരം മുറിക്കാനായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺട്രാക്ടറെയും കയർ കെട്ടിയവരെയും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു ഇവരെ പ്രതികളാക്കി ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
ഞായറാഴ്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് ആലപ്പുഴ തകഴി സ്വദേശിയായ സെയ്ദ് (32) മരിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. മുന്നറിയിപ്പ് ബോർഡോ മറ്റ് യാതൊരു സുരക്ഷാ മുൻകരുതലോ ഇല്ലാതെയാണ് വഴിയിൽ മരം മുറിച്ചിരുന്നത് എന്ന് പൊലീസ് അറിയിച്ചു.
മുത്തൂർ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ വീണ സെയ്ദിന് ഗുരുതരമായി പരിക്കേറ്റു. ഭാര്യയും മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.