sambhal

ലക്‌നൗ: മസ്‌ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംഭാൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. സോഡ കുപ്പികൾ, തീപിടിക്കുന്ന അല്ലെങ്കിൽ സ്‌ഫോടക വസ്തുക്കൾ എന്നിവ വാങ്ങുന്നതും കൈവശം വയ്ക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. നവംബർ 30 വരെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും പൊലീസുകാർ അടക്കം ഇരുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

സംഭാൽ ജില്ലയിൽ നടന്നത്

സംഭാൽ ജില്ലയിലെ ചന്ദൗസി പട്ടണത്തിൽ മുഗൾ ചക്രവർത്തി ബാബർ 1526ൽ നിർമ്മിച്ച ഷാഹി ജുമാ മസ്ജിദ്, ശ്രീ ഹരിഹർ ക്ഷേത്രം പൊളിച്ചാണ് നിർമിച്ചതെന്ന് ഒരു വിഭാഗം അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരു ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ എട്ട് പേർ സംഭാൽ സിവിൽ കോടതിയിൽ ഹർജി നൽകി. തുടർന്ന് ജഡ്ജി ആദിത്യ സിങ് സർവേയ്‌ക്ക് ഈ മാസം 19നാണ് ഉത്തരവിട്ടത്. അന്നു തന്നെ തിടുക്കത്തിൽ ആദ്യസർവേ നടന്നത് ഒരു വിഭാഗത്തിൽ അമർഷം സൃഷ്‌ടിച്ചിരുന്നു. സർവേ വിഡിയോയിൽ പകർത്താനും കോടതി നിർദ്ദേശിച്ചിരുന്നു.

ഇന്നലെ രാവിലെ ഏഴ്‌ മണിയോടെയാണ് കോടതി നിയോഗിച്ച രമേഷ് രാഘവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഭിഭാഷക കമ്മിഷൻ രണ്ടാമത്തെ സർവ്വേയ്ക്ക് എത്തിയത്. സംഭാൽ ജില്ലാകളക്ടർ ഡോ. രാജേന്ദ്ര പെൻസിയയുടെയും പൊലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിലാണ് സർവേ നടന്നത്.

സർവേ തുടങ്ങിയതോടെ ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞു. പൊലീസിന്റേതുൾപ്പെടെ പത്തിലേറെ വാഹനങ്ങൾ കത്തിച്ചു. കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്‌ക്കുയും ചെയ്‌തു. സർവേ പൂർത്തിയാക്കി സംഘം പുറത്തിറങ്ങിയപ്പോഴും അക്രമം തുടർന്നു. മൂന്ന് ദിശയിൽ നിന്നെത്തിയ ജനക്കൂട്ടം കല്ലെറിയുകയും വെടിവയ്‌ക്കുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.