
ബംഗളൂരു: ബംഗളൂരുവിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ ജയനഗറിൽ ഭിക്ഷ യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിലും ബംഗളൂരുവിലെ തന്നെ പ്രമുഖ സ്ഥാപനത്തിലും ജോലി ചെയ്തിരുന്നതെന്ന് അവകാശപ്പെടുന്ന ഒരു ടെക്കി ഭിക്ഷ യാചിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
ശരത് യുവരാജ് എന്നൊരാളാണ് ടെക്കിയുടെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. മുഷിഞ്ഞ ടീഷർട്ടും പാന്റുമാണ് ഇയാളുടെ വേഷം. ശരത് ഇയാളോട് വിവരങ്ങൾ തിരക്കുന്നതും ടെക്കി ഇംഗ്ളീഷിൽ മറുപടി നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. എന്താണ് ക്വാളിഫിക്കേഷൻ എന്ന ശരതിന്റെ ചോദ്യത്തിന് താനൊരു എഞ്ചിനീയർ ആണെന്നാണ് ഇയാൾ മറുപടി നൽകുന്നത്. ഗ്ളോബൽ വില്ലേജിലെ മൈൻഡ് ട്രീയിൽ ജോലി ചെയ്യുകയായിരുന്നു. ഫ്രാങ്ക്‌ഫർട്ടിൽ അടക്കം ജോലി ചെയ്തിട്ടുണ്ട്. മാതാപിതാക്കളും കാമുകിയും നഷ്ടപ്പെട്ടപ്പോൾ മദ്യപിക്കാൻ തുടങ്ങി. പിന്നീട് വീടില്ലാതായി. ഇപ്പോൾ തെരുവിൽ ഭിക്ഷയെടുത്താണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു.
ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ, ചരിത്രകാരൻ ഡേവിഡ് ഹ്യൂം, ശാസ്ത്രം, ധ്യാനം, തത്വചിന്ത തുടങ്ങിയവയെക്കുറിച്ചും ഇയാൾ സംസാരിക്കുന്നുണ്ട്. താൻ സഹായം വാഗ്ദാനം ചെയ്തപ്പോൾ യുവാവ് നിരസിച്ചതായും ശരത് യുവരാജ് സമൂഹമാദ്ധ്യമത്തിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് കുറിച്ചു. ടെക്കിയെ പിന്നീട് കാണാൻ കഴിഞ്ഞില്ലെന്നും സഹായത്തിനായി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണറെയും ജയനഗർ പൊലീസിനെയും സമീപിക്കുമെന്നും ശരത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ശരത് പങ്കുവച്ച ടെക്കിയുടെ വീഡിയോയിൽ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഭിക്ഷ യാചിക്കുന്ന ടെക്കിക്ക് ഇപ്പോൾ ആവശ്യം മാനസിക പിന്തുണയാണെന്നും സഹായിക്കാൻ തയ്യാറാണെന്നും അനേകം പേർ കമന്റ് ചെയ്തു.