k-surendran-sobha

പാലക്കാട്: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടു കൂടിയാണ് കൃഷ്‌ണകുമാർ പാലക്കാട്ട് സ്ഥാനാർത്ഥിയായത്. അതുകൊണ്ടുതന്നെ കെ. സുരേന്ദ്രന്റെയോ ശോഭസുരേന്ദ്രന്റെയോ മേൽ തോൽവിയുടെ പഴി ചാരിയിട്ട് കാര്യവുമില്ലെന്ന് അഡ്വ. ജയശങ്കർ. ചേലക്കരയിൽ പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ വർദ്ധിച്ചത്. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെ. സുരേന്ദ്രനെ ഒഴിവാക്കാൻ പറ്റുമോയെന്നും, ഇതൊക്കെ ഓരോ നേതാക്കന്മാരും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പറയുന്നതാണെന്നും ജയശങ്കർ പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം പരാജയം പുതിയൊരു കാര്യമല്ല. അവരെ സംബന്ധിച്ചിടത്തോളം ജയമാണ് പുതിയ കാര്യം. 1980ൽ പാർട്ടി രൂപീകൃതമായതു മുതൽ അവർ ശക്തമായി മത്സരിക്കുന്ന മണ്ഡലമാണ് പാലക്കാട്. 1982ൽ ആദ്യം മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാലാണ് മത്സരിച്ചത്. 8000 വോട്ട് മാത്രമാണ് അദ്ദേഹത്തിന് അന്ന് കിട്ടിയത്.

രാഹൂൽ മാങ്കൂട്ടത്തിൽ ഒന്നാംതരം സ്ഥാനാർത്ഥിയായിരുന്നു. വളരെ ഏകോപനവും ചിട്ടയായ പ്രവർത്തനവുമായിരുന്നു രാഹുലിന് വേണ്ടി യുഡിഎഫ് നടത്തിയത്. ബിജെപി ജയിക്കാതിരിക്കാനായി മുസ്ളിം വോട്ടുകളുടെ ഏകീകരണം നടന്നിരുന്നു. ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ അടക്കമുള്ള സംഘടനകൾ ഒന്നിച്ചു. കൃഷ്‌ണകുമാറിന്റെ സ്ഥാനത്ത് മറ്റൊരു സ്ഥാനാർത്ഥി ആണെങ്കിലും ഇത്രയൊക്കെ തന്നെ പെർഫോം ചെയ്യാൻ പറ്റുള്ളൂ. ശോഭ സുരേന്ദ്രൻ നിന്നിരുന്നെങ്കിൽ പാലക്കാട്ടെ ലോക്കൽ നേതാക്കൾ ഇതേ പണിവയ്‌ക്കുമായിരുന്നു. കൃഷ്‌ണകുമാർ അടക്കമുള്ള നേതാക്കൾ അത് ചെയ്യുമായിരുന്നു. ചിലപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന് മാത്രം.

ചേലക്കരയിൽ പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ വർദ്ധിച്ചത്. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെ. സുരേന്ദ്രനെ ഒഴിവാക്കാൻ പറ്റുമോയെന്നും, അതുകൊണ്ട് ഇതൊക്കെ ഓരോ നേതാക്കന്മാരും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പറയുന്നതാണെന്നും ജയശങ്കർ പ്രതികരിച്ചു.

സുരേഷ് ഗോപിക്കും രാജീവിനും അതൃപ്‌തി
പാലക്കാട്ടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം . കൃഷ്ണദാസ് പക്ഷം ഉൾപ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. സുരേന്ദ്രൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നതും ചർച്ചയായിട്ടുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്നു.


സി.കൃഷ്ണകുമാറിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിൽ നേതൃത്വത്തിന് വീഴ്ച പറ്റി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ല. റോഡ് ഷോകളിൽ ആദ്യഘട്ടത്തിൽ നഗരസഭയിലെ കൗൺസിലർമാർ വിട്ടുനിന്നിരുന്നു. ഇവരെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാക്കാൻ നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ചർച്ച ചെയ്യാൻ അടിയന്തിര കോർ കമ്മിറ്റി വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുൻ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.